ബാര്‍ കോഴക്കേസ്; വിജിലന്‍സ് നേരിട്ട് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും- രമേശ് ചെന്നിത്തല

single-img
3 November 2015

Ramesh chennithalaഹരിപ്പാട്: ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് നേരിട്ട് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കോടതിവിധി വിജിലന്‍സിന്റെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യുന്നതിനാലാണിതെന്ന് അദ്ദേഹം  പറഞ്ഞു. അപ്പീല്‍ നല്‍കാനുള്ള നിയമോപദേശം വിജിലന്‍സിന് ലഭിച്ചിട്ടുണ്ട്. ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി ഫയല്‍ തന്റെ മുന്നിലെത്തുമ്പോള്‍ അപ്പീല്‍ നല്‍കാന്‍ അനുമതി കൊടുക്കുമെന്നും മന്ത്രി പറഞ്ഞു.

വിജിലന്‍സ് മാന്വല്‍ പ്രകാരമാണ് അന്വഷണ റിപ്പോര്‍ട്ടുകള്‍ മേല്‍ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നത്.  ബാര്‍ കേസുമായി ബന്ധപ്പെട്ട കോടതിവിധി നിമിത്തം ഇപ്പോള്‍ അതിന് കഴിയുന്നില്ല. ഇതാണ് വിജിലന്‍സ് സംവിധാനത്തിന്റെ നിലനില്പിനെ ബാധിക്കുന്ന പ്രശ്‌നമായി വിധി മാറിയെന്ന് വിലയിരുത്താന്‍ കാരണമെന്നും ചെന്നിത്തല പറഞ്ഞു

വിജിലന്‍സ് കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകേണ്ടെന്നാണ് തീരുമാനിച്ചത്. ഇപ്പോഴും ആ തീരുമാനത്തില്‍ മാറ്റമില്ല. ഉത്തരവ് വന്നപ്പോള്‍ തന്നെ അപ്പീല്‍ പോകാഞ്ഞതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണത്തില്‍ കഴമ്പില്ല. തിടുക്കപ്പെട്ട് തീരുമാനമെടുക്കുന്നത് വിമര്‍ശം ക്ഷണിച്ചുവരുത്തും. എല്ലാ നിയമവശങ്ങളും പരിഗണിച്ച് തീരുമാനമെടുക്കുകയായിരുന്നു. അനാവശ്യ തിടുക്കം കാട്ടാത്തത് വീഴ്ചയല്ല.

കേസുകളിലെ വിധി തങ്ങള്‍ക്ക് അനുകൂലമാകുമ്പോള്‍ വിജിലന്‍സ് കൊള്ളാം, വിധി എതിരാകുമ്പോള്‍ മോശം എന്ന കാഴ്ചപ്പാട് ശരിയല്ല. ഉദ്യോഗസ്ഥരെ സമ്മര്‍ദത്തിലാക്കുന്നതും ശരിയല്ലെന്നും മന്ത്രി പറഞ്ഞു.