കേരള ഹൗസില്‍ ബീഫ് വില്‍ക്കുന്നതിനോട് എതിര്‍പ്പില്ലെന്ന് വി.എച്ച്.പി കേരള ഘടകം

single-img
29 October 2015

SJR Kumar

കേരള ഹൗസില്‍ ബീഫ് വിതരണം ചെയ്യുന്നതില്‍ എതിര്‍പ്പില്ലെന്ന് വി.എച്ച്.പി കേരള സംസ്ഥാന പ്രസിഡന്റ് എസ്.ജെ.ആര്‍ കുമാര്‍. ഡല്‍ഹിയിലെ കേരള ഹൗസ് അടക്കം സംസ്ഥാന സര്‍ക്കാര്‍ ഗസ്റ്റ് ഹൗസുകളിലോ സംസ്ഥാനത്തെ ഹോട്ടലുകളിലോ ബീഫ് വിതരണം ചെയ്യുന്നതിന് വി.എച്ച്.പി എതിരല്ലെന്ന് അദ്ദേഹം പറഞ്ഞു.

വി.എച്ച്.പി കഴിഞ്ഞ അമ്പത് വര്‍ഷമായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ബീഫിന്റെ പേരില്‍ ഒരു ഹോട്ടലിലും വി.എച്ച്.പി പ്രശ്‌നം സൃഷ്ടിച്ചിട്ടില്ല. ശ്രീരാമസേനയും ഹിന്ദു സേനയും പോലെയുള്ള സംഘടനകള്‍ ഇപ്പോള്‍ ബീഫിന്റെ പേരില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദുസേന പോലെയുള്ള സംഘടനകള്‍ സംഘപരിവാറിന്റെ ഭാഗമല്ലെന്നും അവരെക്കുറിച്ച് തങ്ങള്‍ക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. അവരുടെ ലക്ഷ്യം മോദി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തലാണ്. സംഘപരിവാര്‍ സംഘടനകള്‍ ഒരിക്കലും മോദി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.