ബാര്‍ കോഴക്കേസില്‍ സത്യം വിജയിച്ചെന്ന്‍ ജേക്കബ്ബ് തോമസ് ഐപിഎസ്

single-img
29 October 2015

jacob-thomasകോഴിക്കോട്: ബാര്‍ കോഴക്കേസില്‍ സത്യം വിജയിച്ചെന്ന്‍ ജേക്കബ്ബ് തോമസ് ഐപിഎസ്.  കോടതി വിധി നല്ലതെന്നും, സത്യം വിജയിച്ചെന്നും  പ്രഥമദൃഷ്ട്യാ കുഴപ്പമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് നല്ല രീതിയില്‍ അന്വേഷണം തുടങ്ങിയതെന്നും അന്വേഷണത്തിന് നേരത്തെ നേതൃത്വം നല്‍കിയ ജേക്കബ്ബ് തോമസ്  പറഞ്ഞു. സത്യം വിജയിച്ചുകാണാനാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്.

നിലവില്‍ പൊലീസ് ഹൗസിങ് കണ്‍സ്ട്രക്‌ഷന്‍ കോര്‍പറേഷന്‍ എംഡിയാണ് ജേക്കബ് ജോമസ് ഐപിഎസ്. ബാര്‍ കോഴ കേസില്‍ കെ എം മാണിയെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളിയിരുന്നു. ധനമന്ത്രി കെ എം മാണിയ്ക്കെതിരെ തുടരന്വേഷണം നടത്തണമെന്ന് കോടതി ഉത്തരവിട്ടു. ബാര്‍ കോഴ സംബന്ധിച്ച് അന്വേഷണം നടത്തിയ വിജിലന്‍സിന്റെ റിപ്പോര്‍ട്ട് കോടതി മരവിപ്പിച്ചു.

കേസ് അവസാനിപ്പിക്കണമെന്ന വിജിലന്‍സിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. പ്രോസിക്യൂഷന്‍ വാദം കോടതി തള്ളിയതോടെ ബാര്‍ കേസ് സര്‍ക്കാരിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. വിജിലന്‍സ് റിപ്പോര്‍ട്ട് ചോദ്യം ചെയ്ത് ഒന്‍പത് ഹര്‍ജികളും അനുകൂലിച്ച് ഒരു ഹര്‍ജിക്കാരനുമാണ് കോടതിയില്‍ എത്തിയത്.

മൂന്നു മാസം നീണ്ടു വാദത്തിനുശേഷമാണ്  വിജിലന്‍സ് കോടതി തുടരന്വേഷണ ഹര്‍ജികളില്‍ ഉത്തരവ് പറഞ്ഞത്. അടഞ്ഞു കിടക്കുന്ന ബാറുകള്‍ തുറക്കാന്‍ കെ എം മാണി കോഴ വാങ്ങിയെന്ന ബിജുരമേശിന്റെ ആരോപണത്തിന് തെളിവില്ലെന്നായിരുന്നു വിജിലന്‍സ് റിപ്പോര്‍ട്ട്.