വിവാഹമോചനം നേടാതെ ഭര്‍ത്താവ് രണ്ടാമതു വിവാഹം കഴിക്കുന്നതും ഇഷ്ടാനുസരണം വിവാഹമോചനം നേടുന്നതും മുസ്‌ലിം സ്ത്രീകളുടെ അന്തസും സുരക്ഷയും നിഷേധിക്കുന്ന നടപടിയാണെന്നു സുപ്രീം കോടതി

single-img
28 October 2015

court

വിവാഹമോചനം നേടാതെ ഭര്‍ത്താവ് രണ്ടാമതു വിവാഹം കഴിക്കുന്നതും ഇഷ്ടാനുസരണം വിവാഹമോചനം നേടുന്നതും മുസ്‌ലിം സ്ത്രീകളുടെ അന്തസും സുരക്ഷയും നിഷേധിക്കുന്ന നടപടിയാണെന്നു സുപ്രീം കോടതി. മുസ്‌ലിം സ്ത്രീകള്‍ നേരിടുന്ന വിവേചനം പരിശോധിക്കുന്നതിന് പൊതു താല്‍പര്യ ഹര്‍ജി റജിസ്റ്റര്‍ ചെയ്യണമെന്നും കോടതി വ്യക്തമാക്കി.

വിവാഹം, പിന്തുടര്‍ച്ചാവകാശം എന്നിവ സംബന്ധിച്ച നിയമങ്ങള്‍ മതവുമായി ബന്ധപ്പെടുത്താന്‍ പാടില്ലെന്നും നിയമങ്ങള്‍ കാലത്തിനൊത്തു മാറണമെന്നും മകാടതി പറഞ്ഞു. രജിസ്റ്റര്‍ ചെയ്യുന്ന പൊതുതാല്‍പര്യ ഹര്‍ജി പ്രത്യേക ബെഞ്ച് പരിശോധിക്കണമെന്നും ജഡ്ജിമാരായ അനില്‍ ആര്‍.ദവെ, ആദര്‍ശ് ഗോയല്‍ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമത്തിന് മുന്‍കാല പ്രാബല്യമുണ്ടെന്ന വിധികള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ പരിഗണിച്ചപ്പോഴാണ് മുസ്‌ലിം സ്ത്രീകളുടെ പ്രശ്‌നത്തിലേക്കു കോടതി എത്തിയത്.

ജീവിക്കാനുള്ള അവകാശം അന്തസോടെ ജീവിക്കാനുള്ള അവകാശമാണെന്നും അതു നിഷേധിക്കപ്പെടുമ്പോള്‍ മൗലികാവകാശ ലംഘനപ്രശ്‌നം ഉന്നയിക്കാവുന്നതാണെന്നും കോടതി പറഞ്ഞു. മുസ്‌ലിം സ്ത്രീകളെ സംബന്ധിച്ച പ്രശ്‌നം നയപരമല്ലെന്നും മൗലികാവകാശങ്ങളുടെ ലംഘനം ഉള്‍പ്പെടുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി.