പശുവിറച്ചി വിളമ്പിയെന്ന പരാതി; കേരള ഹൗസില്‍ പൊലീസ് റെയ്ഡ്

single-img
27 October 2015

beefന്യൂഡല്‍ഹി: പശുവിറച്ചി വിളമ്പിയെന്ന പരാതിയെ തുടര്‍ന്നു  കേരള ഹൗസില്‍ പൊലീസ് റെയ്ഡ്. ഡല്‍ഹിയില്‍ കേരള ഹൗസിലെ സമൃദ്ധി റസ്റ്ററന്റില്‍ ഭക്ഷണം കഴിക്കാനെത്തിയവരാണ്, ബീഫ് എന്ന പേരില്‍ വിളമ്പുന്നതു പശുവിറച്ചിയാണെന്നു പരാതിപ്പെട്ടത്.

ഇതേത്തുടര്‍ന്നു  പൊലീസ് സംഘം വൈകിട്ടു റസ്റ്ററന്റിലെത്തി പരിശോധന നടത്തി. പശുവിറച്ചിയല്ല, പോത്തിറച്ചിയാണു വിളമ്പുന്നതെന്നു കേരള ഹൗസ് അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നു സംഘം മടങ്ങി. സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ബീഫ് വിളമ്പുന്നത് നിര്‍ത്തിവയ്ക്കാന്‍ അധികൃതര്‍ തീരുമാനിച്ചു. മലയാളി യുവാവും രണ്ടു കര്‍ണാടക സ്വദേശികളുമാണു പശുവിറച്ചി സംബന്ധിച്ചു പൊലീസില്‍ നല്‍കിയത്.

റസ്റ്ററന്റിലെ വിലവിവര പട്ടികയില്‍ ബീഫ് എന്നതു മലയാളത്തിലും മറ്റുള്ള പദാര്‍ഥങ്ങളുടെ പേര് ഇംഗ്ലിഷിലുമാണ് എഴുതിയിരുന്നത്. ഇതിന്റെ ചിത്രമെടുക്കാന്‍ ഇവര്‍ ശ്രമിച്ചതു റസ്റ്ററന്റ് ജീവനക്കാര്‍ ചോദ്യംചെയ്തിരുന്നു. പിന്നാലെയുണ്ടായ വാക്കുതര്‍ക്കം റസ്റ്ററന്റില്‍ നേരിയ സംഘര്‍ഷത്തിനിടയാക്കി. തുടര്‍ന്നാണു സംഘം പൊലീസില്‍ പരാതി നല്‍കിയത്.