ചന്ദ്രശോഭയിൽ മുങ്ങിനീരാടി നിൽകുന്ന താജ്മഹലിന്റെ രാത്രിക്കാഴ്ചയ്ക്കായി സഞ്ചാരികൾ

single-img
26 October 2015

taj-at-nightആഗ്ര: പൂർണ്ണ ചന്ദ്രന്റെ നിലാശോഭയിൽ മുങ്ങികുളിച്ചു നിൽക്കുന്ന താജ്മഹലിന്റെ വശ്യമനോഹാരിത ആസ്വദിക്കാൻ ഇന്നുമുതൽ കാണികൾക്ക് അപൂർവാവസരം. പൂർണചന്ദ്ര ദിവസമായ തിങ്കളാഴ്ച നിലാവിൽ കുളിച്ചു നിൽക്കുന്ന പ്രണയ സ്മാരകം രാത്രിയിൽ കാണാൻ സന്ദർശകർക്ക് തുറന്ന് കൊടുക്കും. എല്ലാ വർഷവും ഒരു പൗർണമിരാവിൽ സന്ദർശകർക്ക് താജ്മഹളിൽ കഴിച്ചുകൂട്ടാൻ അവസരമൊരുക്കുന്നത് പതിവാണ്. ഇത്തവണ ഈ അപൂർവകാഴ്ച കാണാൻ ലോകത്തെ 2000 ഭാഗ്യവാന്മാർക്കും ഭാഗ്യവതികൾക്കുമാണ് അവസരം ലഭിച്ചത്.

ഈ വർഷത്തെ പൗർണമി ഒക്ടോബർ 27നാണെങ്കിലും 25മുതൽ 29വരെ അഞ്ച് ദിവസം സ്മാരകം സന്ദർശകർക്കായി തുറന്നു കൊടുക്കും. പൂർണ ചന്ദ്രൻ ഈ അഞ്ച് ദിവസങ്ങളിലും താജ്മഹലിനു വ്യത്യസ്തമായ അലങ്കാരം അണിയിക്കും.

സിംഗപൂർ, ഇൻഡോനേഷ്യ, മലേഷ്യ, മ്യാൻമർ തുടങ്ങിയ രാജ്യങ്ങളിലെ അംബാസഡർമാരും കുടുംബവുമടക്കം നിരവധി പേരാണ് താജ്മഹലിന്റെ അപൂർവ സൗന്ദര്യം ആസ്വദിക്കാനത്തെുന്നത്.

രാത്രി 8.30 മുതൽ പുലർച്ചെ 12.30 വരെയാണ് ഈ ദിവസങ്ങളിൽ താജ്മഹലിന്റെ കവാടം സഞ്ചാരികൾക്കായി തുറന്നു കൊടുക്കുന്നത്. ഒരേ സമയം 50 സന്ദർശകർക്കായി 30 മിനിറ്റ് എന്ന തോതിലായിരിക്കും സന്ദർശകരെ കടത്തിവിടുക.

വിവിധ സുരക്ഷാ കാരണങ്ങളാൽ 2008ലെ സുപ്രീം കോടതി നിർദ്ദേശ പ്രകാരം താജ്മഹലിൽ 400 രാത്രിസന്ദർശകർക്കു മാത്രമാണ് പ്രവേശനം അനുവതിച്ചിരുന്നത്. എന്നാൽ പൗർണമി ദിനങ്ങളിൾ താജ്മഹലിനുണ്ടാകുന്ന പ്രത്യേക സൗന്ദര്യം കാരണം ഈ ദിവസങ്ങളിൽ സന്ദര്‍ശകരുടെ എണ്ണം സംബന്ധിച്ചുള്ള നിയമത്തിൽ ഇളവു വരുത്തിയിട്ടുണ്ട്.

നിലാവിൽ പൊതിഞ്ഞു നിൽക്കുന്ന താജ്മഹലിന്റെ അസുലഭകാഴ്ച സന്ദർശകരിലേക്കത്തെിക്കാനായി ഇന്ത്യൻ പുരാവസ്തു വകുപ്പ് പുതിയ ടിക്കറ്റ് കൗണ്ടറും തുറന്നിരുന്നു. 60% ടിക്കറ്റുകളും നേടിയത് വിദേശികളാണ്.