വെള്ളാപ്പള്ളി 600 കോടിയിലേറെ രൂപയുടെ അഴിമതി നടത്തിയിട്ടുണ്ടെന്ന് ശ്രീനാരായണ ധര്‍മ്മ വേദിയുടെ ആരോപണം

single-img
25 October 2015

vellappally-natesanതൊടുപുഴ: വെള്ളാപ്പള്ളി നടേശനെതിരെ ഗുരുതര അഴിമതി  ആരോപണവുമായി ശ്രീനാരായണ ധര്‍മ്മ വേദി രംഗത്ത്. എസ് എന്‍ ട്രസ്റ്റിന് കീഴിലെ സ്ഥാപനങ്ങളില്‍ നിയമനങ്ങള്‍ നടത്തിയ വകയില്‍ വെള്ളാപ്പള്ളി  600 കോടിയിലേറെ രൂപയുടെ അഴിമതി നടത്തിയിട്ടുണ്ടെന്നാണ് ശ്രീനാരായണ ധര്‍മ്മ വേദിയുടെ ആരോപണം. ബജറ്റും വരവ് ചിലവ് കണക്കുകളും പരിശോധിച്ചാല്‍ വെള്ളാപ്പള്ളി തട്ടിയെടുത്ത തുകയുടെ കണക്കുകള്‍ വ്യക്തമാകുമെന്ന്‍ സംസ്ഥാന വൈസ് ചെയര്‍മാന്‍ പുഷ്പാംഗതന്‍ ആരോപിച്ചു.

1996 മുതല്‍ 2013 വരെ എസ് എന്‍ ട്രസ്റ്റിന് കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടത്തിയ നിയമനങ്ങള്‍ 904 ആണ്. 2011 – 2012 വര്‍ഷത്തില്‍ മാത്രം നിയമിച്ചത് 174 പേരെ. പക്ഷേ 2011-2012 വര്‍ഷത്തില്‍ ഡൊണേഷന്‍ ഇനത്തില്‍ കാണിച്ചിരിക്കുന്നത് രണ്ട് കോടി 52 ലക്ഷം മാത്രം. അതും കോളേജുകള്‍ക്ക് കിട്ടിയ യു ജി സി ഗ്രാന്റ് ഉള്‍പ്പടെയുള്ള വരുമാനം ഉള്‍പ്പെടുത്തി. മാത്രമല്ല കുട്ടികളില്‍ നിന്ന് പിരിക്കുന്ന തലവരി പണവും ഫീസും വരെ വെള്ളാപ്പള്ളി കണക്കില്‍ കൊള്ളിക്കാതെ തട്ടിയെടുത്തെന്നും  ധര്‍മ്മ വേദി ആരോപിക്കുന്നു.

ട്രസ്റ്റിന്റെ 15 വര്‍ഷത്തെ ബജറ്റുകളും വരവ് ചെലവ് കണക്കുകളും തമ്മില്‍ വലിയ അന്തരമുണ്ടെന്നും ശ്രീനാരായണ ധര്‍മ്മവേദി പറയുന്നു. മൈക്രോ ഫിനാന്‍സ് തട്ടിപ്പിലും വെള്ളാപ്പള്ളിക്കെതിരെ വ്യക്തമായ തെളിവുകള്‍ കൈവശമുണ്ട്. ശേഖരിച്ച രേഖകളുമായി കോടതിയെ സമീപിക്കാനാണ് ശ്രീനാരായണ ധര്‍മ്മ വേദിയുടെ നീക്കം.