നിറപറ ബ്രാന്‍ഡിന്റെ ഉത്പന്നങ്ങള്‍ക്കുള്ള നിരോധം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീലിന്

single-img
21 October 2015

Nirapara_Sambar

നിറപറ ബ്രാന്‍ഡിന്റെ മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി എന്നിവയ്ക്കുള്ള നിരോധം റദ്ദാക്കിയ േൈഹക്കാടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നു. മായം ചേര്‍ന്നതാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് സപ്തംബറിലാണ് ഉല്പന്നങ്ങള്‍ നിരോധിച്ച് ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ ഉത്തരവിറക്കിയത്. കോടതി അവധിയായതിനാല്‍ പൂജ അവധിക്കു ശേഷം അപ്പീല്‍ ഫയല്‍ ചെയ്യും.

ഭക്ഷ്യസുരക്ഷാ കമ്മിഷണറുടെ ഉത്തരവിനെതിരെ നിറപറ ഉടമകള്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെ സമീപിച്ച് നിരോധം റദ്ദാക്കിയിരുന്നു. ഈ ഉത്തരവിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാനൊരുങ്ങുന്നത്. പലതവണ പിഴ ഈടാക്കിയിട്ടും മായം ചേര്‍ത്ത ഉല്പന്നങ്ങള്‍ തുടര്‍ച്ചയായി വില്‍ക്കുന്നു എന്ന് കണ്ടതിനെത്തുടര്‍ന്നാണ് നിറപറയുടെ ഉല്പന്നങ്ങള്‍ നിരോധിക്കാന്‍ ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ തീരുമാനിച്ചത്.

നിയമവിരുദ്ധമായി വിപണിയിലുള്ള ഉത്പന്നങ്ങളെ തടയാനുള്ള അവകാശം ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് നിയമപ്രകാരം കമ്മിഷണര്‍ക്കുണ്ട്. നിയമത്തില്‍ നിര്‍ദേശിച്ചതിനു വിരുദ്ധമായി ഏതു ഭക്ഷ്യവസ്തു ഉണ്ടാക്കിയാലും സൂക്ഷിച്ചാലും വിറ്റാലും കമ്മിഷണര്‍ ചുമതലപ്പെടുത്തിയിട്ടുള്ള ജില്ലാ ഓഫീസര്‍ക്കു തടയാമെന്ന് നിയമം അനുശാസിക്കുന്നു. ജില്ലാ ഓഫീസറുടെ നിരോധം അതത് ജില്ലയില്‍ മാത്രമാകുമെന്നതിനാല്‍ സംസ്ഥാന വ്യാപകമായി നടപ്പാക്കാനാണ് കമ്മിഷണര്‍ നിരോധ ഉത്തരവ് പുറത്തിറക്കിയതെന്നും അതിന് കമ്മിഷണര്‍ക്ക് അധികാരമുണ്ടെന്നുമാണ് സര്‍ക്കാര്‍ നിപാടെടുത്തിരിക്കുന്നത്.