ഗാന്ധിജിയേക്കാള്‍ വലിയ ദേശസ്‌നേഹിയാണ് ഗോഡ്‌സെയെന്ന് പ്രചരിപ്പിക്കുന്നത് ദേശീയതക്കെതിരായ വെല്ലുവിളിയെന്ന് രമേശ് ചെന്നിത്തല

single-img
21 October 2015

ramesh chennithalaകോഴിക്കോട്: വര്‍ഗീയതയ്ക്കും അക്രമരാഷ്ട്രീയത്തിനുമെതിരായ പോരാട്ടമാണ് ഈ തിരഞ്ഞെടുപ്പെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ജാതി മതാടിസ്ഥാനത്തില്‍ ജനങ്ങളെ ഭിന്നിപ്പിച്ചു ഭരിക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. അഭിപ്രായസ്വാതന്ത്ര്യംപോലും വെച്ചു പൊറുപ്പിക്കുന്നില്ല. ഗാന്ധിജിയേക്കാള്‍ വലിയ ദേശസ്‌നേഹിയാണ് ഗോഡ്‌സെയെന്ന് പ്രചരിപ്പിക്കുന്നത് ദേശീയതയ്‌ക്കെതിരായ വെല്ലുവിളിയാണെന്ന് ചെന്നിത്തല അഭിപ്രായപ്പെട്ടു. ഇത്തരം ശക്തികള്‍ ജാതി, മത സമുദായങ്ങളെ കൂട്ടുപിടിച്ച് കേരളത്തില്‍ മൂന്നാം മുന്നണിയുണ്ടാക്കാമെന്നു വിചാരിക്കുന്നത് ദിവാസ്വപ്‌നം മാത്രമാണ്. കേരളത്തിന്റെ മതേതര മനസ്സ് ഒരിക്കലും ഇത് അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

സി.പി.എം. തകരരുതെന്ന് ആഗ്രഹമുണ്ടെങ്കിലും അവരെ ആര്‍ക്കും രക്ഷിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് ചെന്നിത്തല പറഞ്ഞു. രോഗമറിഞ്ഞ് ചികിത്സിക്കാത്തതിലുള്ള കുഴപ്പമാണവര്‍ക്ക്. കൊലക്കേസില്‍പ്പെട്ട് ജയിലില്‍ കഴിയുന്നവരെപ്പോലും സ്ഥാനാര്‍ഥികളാക്കുന്ന അവര്‍ ജനങ്ങളെ വെല്ലുവിളിക്കുകയാണ്. അതിനെ ന്യായീകരിച്ചുകൊണ്ട് പാര്‍ട്ടിസെക്രട്ടറി നടത്തുന്ന പ്രസ്താവനകള്‍ അക്രമത്തിന് പച്ചക്കൊടി കാട്ടുന്ന തരത്തിലുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

സ്വാമി ശാശ്വതികാനന്ദയുടെ മരണത്തില്‍ പുനരന്വേഷണം സാധ്യമല്ലെന്നും തുടരന്വേഷണം ആവശ്യമാണോയെന്ന് ക്രൈം ബ്രാഞ്ച് തീരുമാനിക്കുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. നിയമമനുസരിച്ച് പുനരന്വേഷണം സാധ്യമല്ല. പുതിയ തെളിവുകള്‍ കിട്ടിയാല്‍ മാത്രമാണ് തുടരന്വേഷണം നടത്താനാകുക. ഈ വിഷയത്തില്‍ ഇപ്പോഴുണ്ടായിരിക്കുന്നത് പുതിയ വിവരങ്ങളാണോ എന്ന് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാറിന് ആരെയും രക്ഷിക്കാനോ കുറ്റക്കാരാക്കോനോ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.