രാസവളങ്ങളും കീടനാശിനികളും ഒഴിവാക്കിയുള്ള കൃഷി മറ്റുള്ളവര്‍ക്കും പ്രചോദനമാകുവാന്‍ ഗിന്നസ് പക്രുവും പാടത്തിറങ്ങി, ചോറ്റാനിക്കര പാടശേഖരത്ത് 20 ഏക്കര്‍ ജൈവകൃഷിയുമായി

single-img
16 October 2015

Pakru

പൊക്കമില്ലായ്മയാണ് എന്റെ പൊക്കമെന്ന കുഞ്ഞുണ്ണി മാഷിന്റെ വരികളെ അന്വര്‍ത്ഥമാക്കുന്ന തരത്തിലാണ് ഗിന്നസ് പക്രുവിന്റെ ജീവിതം. തന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് തന്റേതായ ഒരു ലോകം വെട്ടിപ്പിടിച്ച പക്രു കഴിയുന്ന രീതിയില്‍ സാമൂഹിക പ്രശ്‌നങ്ങളിലും ഇടപെട്ട് തുടങ്ങിയിരിക്കുന്നു. അന്യസംസ്ഥാനങ്ങളില്‍ നിന്നു വരുന്ന വിഷം നിറഞ്ഞ പച്ചക്കറികഥകള്‍ വായിച്ചറിഞ്ഞ പക്രു സ്വന്തമായുല്‍പാദിപ്പിക്കുന്ന വിഷമില്ലാത്ത പച്ചക്കറികള്‍ക്കായി ഇപ്പോള്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണ്.

ഗിന്നസ് പക്രുവിന്റെ നേതൃത്വത്തില്‍ ചോറ്റാനിക്കര പാടശേഖര സമിതി 20 ഏക്കറിലാണു ജൈവകൃഷി ആരംഭിച്ചിരിക്കുന്നത്. രാസവളങ്ങളും കീടനാശിനികളും ഒഴിവാക്കിയുള്ള കൃഷി മറ്റുള്ളവര്‍ക്കും പ്രചോദനമാകുകയെന്ന ലക്ഷ്യത്തോടെയാണു താന്‍ കൃഷിയുമായി രംഗത്തെത്തുന്നതെന്നു ഗിന്നസ് പക്രു വെളിപ്പെടുത്തുന്നു. നെല്ല്, വാഴ, പച്ചക്കറികള്‍ എന്നിവയെല്ലാം പാടശേഖരസമിതി കൃഷി ചെയ്യുന്നുണ്ട്.

ചോറ്റാനിക്കരയിലെ ഗിന്നസ് പക്രുവിന്റെ വീടിനു മുന്‍വശത്ത് പാടശേഖര സമിതി പ്രസിഡന്റ് എ.കെ. ജോണിന്റെയും മറ്റും ഉടമസ്ഥതയിലുള്ള സ്ഥലത്താണു ജൈവ കൃഷി ചെയ്യുന്നത്. രണ്ടു വര്‍ഷമായി പാടശേഖര സമിതിയുടെ നേതൃത്വത്തില്‍ കൃഷിയുണ്ട്. ഇത്തവണ ഇവര്‍ക്കൊപ്പം ചേര്‍ന്ന പക്രു തന്നെയാണ് ഈ വര്‍ഷത്തെ കൃഷി വിത്തുവിതച്ച് ഉദ്ഘാടനം ചെയ്തതും.