മലയാളികള്‍ക്ക് അഭിമാനമായി തിരുവനന്തപുരം സ്വദേശി അജയ് എസ്. കുമാര്‍

single-img
15 October 2015

10405443_673699062752802_8119160993453590239_n

ഈ പൊതു സമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് താനും ഭാഗഭാക്കാണെന്നുള്ള ഒരു അവബോധമാണ് ശരിതെറ്റുകള്‍ക്കെതിരെ വട്ടിയൂര്‍ക്കാവ് സ്വദേശിയും വിദ്യാര്‍ത്ഥിയുമായ അജയ് എസ്. കുമാറിന് തൂലിക ചലിപ്പിക്കാനുള്ള പ്രചോദനം. കഥയോ നോവലോ എഴുതിയല്ല അജയ് സമൂഹത്തിനുവേണ്ടി രംഗത്തിനിറങ്ങിയത്. തന്നെ പോലുള്ള സാധാരണക്കാരെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ചുള്ള പരിഹാരത്തിനായി അധികാരികളോട് കത്തുകളിലൂടെയാണ് അജയ് യുദ്ധം ചെയ്തത്. ഒടുവില്‍ ആ യുദ്ധം ഇപ്പോള്‍ ഇന്ത്യ ബുക്‌സ് ഓഫ് റിക്കോര്‍ഡ്‌സിലും എത്തി നില്‍ക്കുന്നു.

കാലാകാലങ്ങളായി, പല ഭരണമാറ്റങ്ങളുണ്ടായിട്ടും പരിഹാരമില്ലാതെ സമൂഹത്തില്‍ ഉയര്‍ന്നുനിന്നിരുന്ന പല പ്രശ്‌നങ്ങളും അജയ് തന്റെ കത്തെഴുത്തിലൂടെ നേടിയെടുത്തിട്ടുണ്ട്. ഗാന്ധിജിയുടെ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ എട്ടാം ക്ലാസില്‍ വെച്ച് അജയുടെ ജീവിതത്തിലുണ്ടാക്കിയ വഴിത്തിരിവ് ഇന്ന് ബിരുദപഠനം നടക്കുന്ന അവസ്ഥയില്‍ അതിന്റെ ഉന്നതിയില്‍ നില്‍ക്കുന്നു.

എട്ടാം ക്ാസില്‍ വെച്ച് തന്റെ മനസ്സിലുള്ള ആശയങ്ങള്‍ വെള്ളപേപ്പറില്‍ എഴുതി വെക്കുകയും പിന്നീട് തനിക്കുചുറ്റുമുള്ള പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി വര്‍ത്തമാന പത്രങ്ങളിലേക്ക് കത്തുകളയച്ചു തുടങ്ങുകയുമായിരുന്നു അജയ്. മലയാളം- ഇംഗ്ലീഷ് പ്രമുഖ പത്രങ്ങള്‍ കത്തുകള്‍ പ്രസിദ്ധീകരിച്ചതോടെ അജയുടെ ഉത്തരവാദിത്വം വര്‍ദ്ധിക്കുകയായിരുന്നു. തനിക്കു ചുറ്റുമുള്ള പ്രശ്‌നങ്ങള്‍ക്കപ്പുറം നാടിനെ സംബന്ധിക്കുന്ന മറ്റു പ്രശ്‌നങ്ങളും അജയ് കത്തിലൂടെ പരിഹാരം ആവശ്യപ്പെട്ട് തുടങ്ങി. ചിലകാര്യങ്ങളില്‍ പരിഹാരവും ഉണ്ടായി.

ആയിടയ്ക്കാണ് അജയ് ഒരു ആവശ്യത്തിന് തിരുവനന്തപുരം ജനറല്‍ ആശുപത്രി സന്ദര്‍ശിക്കുന്നത്. അവിടെ കണ്ട കാഴ്ചകള്‍ അവനെ വേദനിപ്പിക്കുന്നതിലുപരി അമ്പരപ്പിക്കുകയാണ് ചെയ്തത്. ഒരു വലിയ ജനവിഭാഗത്തിന്റെ ആശാകേന്ദ്രമായ ആശുപത്രിയില്‍ രോഗികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ഒരു ചോദ്യ ചിഹ്നമായി സമൂഹത്തിനുമുന്നില്‍ ഉയര്‍ന്നു നില്‍ക്കുന്നുണ്ടായിരുന്നു. ആവശ്യത്തിന് സ്ട്രക്‌ചെറോ, കിടക്കകളോ ഇല്ലാതെ രോഗികള്‍ നരകിക്കുന്നത് സംസ്ഥാനത്തിന്റെ ഭരണസിരാ കേന്ദ്രത്തിന്റെ കണ്ണിന്‍ മുന്നിലാണെന്നുള്ളതാണ് അവനെ അത്ഭുതപ്പെടുത്തിയത്.

ജനറല്‍ ആശുപത്രിയിലെ സ്ഥിതിഗതികള്‍ ബന്ധപ്പെട്ടവരുടെ മുന്നിലെത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ പ്രമുഖ പത്രങ്ങളില്‍ എഴുതിയ കത്തുകള്‍ ആരോഗ്യമന്ത്രി വി.എസ് ശിവകുമാര്‍ തന്നെ കാണാനിടയായി. അടുത്തുതന്നെ ആരോഗ്യ മന്ത്രിയുടെ സന്ദര്‍ശനവുമുണ്ടായി. സ്ഥിതിഗതികള്‍ നേരിട്ട് മനസ്സിലാക്കി മന്ത്രി പ്രശ്‌നപരിഹാരത്തിന് സന്നദ്ധനായതിനു കാരണവും അജയുടെ സാമൂഹിക പ്രതിബദ്ധത തന്നെയാണ്.

താന്‍ താമസിക്കുന്ന നിയമസഭ മണ്ഡലമായ വട്ടിയൂര്‍ക്കാവിന്റെ വികസന മുരടിപ്പിനെപ്പറ്റി അജയ് എഴുതിയ കത്ത് സ്ഥലം എം.എല്‍.എ മുരളീധരന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. അദ്ദേഹം അക്കാര്യത്തില്‍ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് അജയ്ക്ക് ഉറപ്പുനല്‍കുകയും ചെയ്തിട്ടുണ്ട്. വട്ടിയൂര്‍ക്കാവ് പ്ലാവോട് അഞ്ജു നിവാസില്‍ ശിവകുമാരന്‍- ദമ്പതിമാരുടെ മകനായ അജയുടെ ലക്ഷ്യം രാജ്യം അറിയപ്പെടുന്ന ഒരു പത്രപ്രവര്‍ത്തകന്‍ ആകുക എന്നുള്ളതാണ്. ഇ- വാര്‍ത്തയുടെ ട്രെയിനി റിപ്പോര്‍ട്ടര്‍ കൂടിയാണ് അജയ്.