സ്പീക്കര്‍ എന്‍.ശക്തന്‍ ഡ്രൈവറെക്കൊണ്ട് തന്റെ ചെരുപ്പിന്റെ വാര്‍ അഴിപ്പിച്ചു

single-img
15 October 2015

image

സ്പീക്കര്‍ എന്‍.ശക്തന്‍ ഡ്രൈവറെക്കൊണ്ട് തന്റെ ചെരുപ്പിന്റെ വാര്‍ അഴിപ്പിച്ചത് വിവാദത്തിലേക്ക്. ബുധനാഴ്ച ഉച്ചയ്ക്ക് തിരുവനന്തപുരത്ത് നിയമസഭാവളപ്പിലെ കരനെല്‍കൃഷിയുടെ വിളവെടുപ്പിനെത്തിയപ്പോഴായിരുന്നു സംഭവം.

ശക്തന്‍ പാടത്തിറങ്ങി നെല്ല് കൊയ്ത ശേഷം ഇത് മെതിക്കാന്‍ തുടങ്ങുന്ന നേരത്താണ് മന്ത്രി കെ.പി മോഹനന്‍ അടക്കമുള്ളവരുടെ സാന്നിദ്ധ്യത്തില്‍ താന്‍ ധരിച്ചിരുന്ന ചെരുപ്പിന്റെ വാര്‍ തന്റെ ഡ്രൈവറെ കൊണ്ട് അഴിപ്പിച്ചത്. ഈ സമയം നിയമസഭയിലെ മുഴുവന്‍ ജീവനക്കാരും അവിടെ സന്നിഹിതരായിരുന്നു.

സംഭവം മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സ്പീക്കര്‍ക്കെതിരെ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ സ്പീക്കറുടെ ഔദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ല. സ്പീക്കര്‍ക്ക് കുനിയുന്നതിന് ശാരീരിക ബുദ്ധിമുട്ടുള്ളതിനാലാണ് ഡ്രൈവര്‍ ചെരുപ്പിന്റെ വാര്‍ അഴിച്ചുകൊടുത്തതെന്ന് സ്പീക്കറുടെ അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. സ്പീക്കര്‍ ആവശ്യപ്പെട്ടത് അനുസരിച്ചല്ല ഇത് ചെയ്തതെന്നും ഡ്രൈവര്‍ സ്വന്തം നിലയ്ക്ക് ഇത് ചെയ്യുകയായിരുന്നുവെന്നുമാണ് അവര്‍ പറയുന്നത്.