തെരുവുമുഴുകി നായ്ക്കള്‍ അടുക്കുമ്പോള്‍

single-img
14 October 2015

strayദിനംപ്രതി നൂറുകണക്കിനാളുകളുടെ നേരെ അക്രമണകാരികളാകുന്ന തെരുവുനായ്ക്കള്‍ അമിതമായ ഭീതി വിതയ്ക്കുന്ന കാഴ്ചയാണ് നമ്മള്‍ കാണുന്നത്. ആരോഗ്യസംരക്ഷണത്തിലും പരിപാലനത്തിലും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മുന്‍പന്തിയില്‍ നില്‍ക്കുന്ന കേരളം തെരുവുനായ്ക്കളുടെ കാര്യത്തിലും മാലിന്യസംസ്‌കാരണത്തിലും പൊതുവെ വിമുഖത കാണിക്കുന്നത് കേരളം സന്ദര്‍ശിക്കുന്ന വിദേശ സഞ്ചാരികളെപോലും അത്ഭുതപ്പെടുത്തുന്നു. നിരുപദ്രവകാരികളെന്ന് കരുതുന്ന തെരുവുനായ്ക്കള്‍ എപ്പോഴാണ് ഉപദ്രവകാരികളാകുന്നത് എന്ന് പറയാന്‍ പറ്റില്ല ഇരുട്ടിറങ്ങിയ പാതയോരങ്ങളില്‍ ഇവ കൂട്ടമായി വന്നാണ് യാത്രക്കാരെ ഉപദ്രവിക്കുന്നത്.

സുരക്ഷിത കേരളമെന്ന പേരില്‍ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ അധികാരം കൊടുത്ത് തെരുവുനായ്ക്കളുടെ ശല്യം ഇല്ലാതാക്കാനുള്ള പദ്ധതി മന്ത്രിസഭ ആവിഷ്‌ക്കരിച്ചെങ്കിലും ഫലം എവിടെയെത്തി എന്ന ആശങ്കയിലാണ് ജനം. നായ്ക്കളെ വന്ധീകരിക്കുകയും പ്രജനനം നിയന്ത്രിക്കുകയും ചെയ്‌തെങ്കിലേ ഈ ശല്യം ഒരു പരിധിവരെ നിയന്ത്രിതമാകൂ. കടിയേല്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ സൗജന്യ ചികിത്സയും വന്ധീകരിക്കാന്‍ കൊണ്ടുവരുന്നവര്‍ക്ക് ധനസഹായവും പ്രഖ്യാപിച്ച് സര്‍ക്കാര്‍ തലയൂരുമ്പോള്‍ പൊതുസമൂഹത്തിന് മുന്‍പില്‍ ഇതിന് ഒരു ശാശ്വത പരിഹാരമില്ലാതെ പോകുന്നതായി തോന്നിയാല്‍ ആരെയും കുറ്റപ്പെടുത്താനാവില്ല.

കടിയേറ്റവര്‍ക്കുള്ള മരുന്നുകളുടെ ലഭ്യതക്കുറവ് മറ്റൊരു മലക്കയറ്റമാണ്. നായക്കളുടെ ഉടമസ്ഥനുണ്ടാകുന്ന ഉപേക്ഷക്കുറവാണ് പൊതു സമൂഹത്തിന് ആപത്കരമായ ഈ അവസ്ഥ സൃഷ്ടിക്കുന്നത്. ഉത്തരവാദിത്വത്തോടെയുള്ള ഉടമസ്ഥത നിര്‍ബന്ധമാക്കുകയാണ് മറ്റൊരുപോംവഴി. ധനബാധ്യത ഏറെയുള്ള കേരളം പേ വിഷബാധയുടെ പ്രതിരോധത്തിനായി 7.20 കോടി രൂപയാണ് 2015 ല്‍ സര്‍ക്കാര്‍ ചെലവഴിക്കുന്നത്. ഈ അമിതഭാരം തെരുവുനായ്ക്കളുടെ കടിയേറ്റ ആപത്ക്കരമായ സമൂഹത്തിന് വേണ്ടിയാണെന്ന് നായ്ക്കളെ കെട്ടഴിച്ചുവിടുന്ന ഉടമസ്ഥര്‍ മനസ്സിലാക്കണം.

നായ്ക്കളെ വളര്‍ത്തുന്നതിനുള്ള ലൈസന്‍സും കര്‍ശനമായ ഫീസും ഏര്‍പ്പെടുത്തി ഉടമസ്ഥനുള്ള അംഗീകാരം പ്രബലമാക്കണം. തെരുവുനായ്ക്കള്‍ കടിച്ചു കീറുന്ന മനുഷ്യരെ രക്ഷിക്കണെമെന്ന് ജനകീയകൂട്ടായ്മകള്‍ പ്രതിഷേധിക്കുമ്പോള്‍ ആ ശബ്ദം മറ്റൊരു നിലവിളിയാകുമ്പോള്‍ എടുത്ത തീരുമാനങ്ങളിലെ പോരായ്മകള്‍ പരിഹരിച്ച് യാത്രക്കാരുടെ സുരക്ഷാ താത്പര്യം സര്‍ക്കാര്‍ ഉറപ്പാക്കേണ്ടതുണ്ട്. അതിവിപുലമായ് തെരുവുനായ്ക്കളുടെ ശല്യം പത്രത്താളുകള്‍ കൈയടക്കുമ്പോള്‍ നായ്‌പ്രേമിയായ ഒരു വിദേശവനിത നേതൃത്വം നല്‍കുന്ന ഒരു സംരക്ഷണ വലയം ഉണ്ടെങ്കില്‍പ്പോലും ഇവയുടെ ശല്യം കുറയുന്നില്ല എന്നതാണ് അത്ഭുതം വ്യക്തമായ ധാരണയുടെ അപര്യാപ്തതയാണ് നടുനിവര്‍ത്തി എഴുന്നേല്‍ക്കാന്‍ പാടുപ്പെടുന്ന ഈ പ്രശ്‌നത്തിന് കാരണമെന്ന് പകല്‍പോലെ വ്യക്തം.