വെള്ളാപ്പള്ളി നടേശനും ബി.ജെ.പിയും ചേര്‍ന്നു രൂപീകരിക്കാന്‍ പോകുന്ന പാര്‍ട്ടിയുടെ ഗോഡ്‌ ഫാദര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണെന്നു വി.എസ്‌ അച്യുതാനന്ദന്‍

single-img
12 October 2015

vsതിരുവനന്തപുരം: ബി.ജെ.പിയും വെള്ളാപ്പള്ളി നടേശനും ചേര്‍ന്നു പാര്‍ട്ടി രൂപീകരിക്കാന്‍ നടത്തുന്ന ശ്രമങ്ങളുടെ ഗോഡ്‌ ഫാദര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണെന്നു  വി.എസ്‌. അച്യുതാനന്ദന്‍. കഴിഞ്ഞ ദിവസം ഉമ്മന്‍ചാണ്ടി നടത്തിയ പ്രസ്‌താവന ഇതിന്റെ തെളിവാണ്‌.

എസ്‌.എന്‍.ഡി.പി. എന്ന മഹത്തായ പ്രസ്‌ഥാനത്തെ ആര്‍.എസ്‌.എസിന്‌ അടിയറ വയ്‌ക്കാന്‍ ഒരിക്കലും ശ്രീനാരായണീയര്‍ സമ്മതിക്കില്ല. ബി.ജെ.പി സഖ്യത്തില്‍മൂന്നാം മുന്നണി  പ്രഖ്യാപിച്ച വെള്ളാപ്പള്ളി, എസ്‌.എന്‍.ഡി.പി. നേതൃയോഗം കഴിഞ്ഞപ്പോള്‍ മതേതര മുന്നണിയായിരിക്കും ഉണ്ടാക്കുക എന്ന പ്രഖ്യാപിച്ചത്‌ ഇതിനു തെളിവാണന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം.
മതേതര മുന്നണി എന്ന ലേബലൊട്ടിച്ചപ്പോള്‍ ബി.ജെ.പിയും ആര്‍.എസ്‌.എസുമായുള്ള സഖ്യം മതേതരമാണെന്നാണ്‌ ഉമ്മന്‍ചാണ്ടിയുടെ വ്യാഖ്യാനമെന്ന് വി എസ് പറഞ്ഞു.

ഈ ലേബലിന്റെ പിന്നിലും ഉമ്മന്‍ചാണ്ടിയുടെ ബുദ്ധിയാണെന്ന്‌ അദ്ദേഹത്തിന്റെ വാക്കുകള്‍ തെളിയിക്കുന്നു.
ഈ വിഷയത്തില്‍ കെ.പി.സി.സി. പ്രസിഡന്റ്‌ വി.എം. സുധീരന്റെ സ്വരമല്ല ഉമ്മന്‍ചാണ്ടിയുടേയതെന്ന് വി എസ് അഭിപ്രായപ്പെട്ടു.

ഇതുമായി ബന്ധപ്പെട്ട്‌ യു.ഡി.എഫ്‌ യോഗത്തില്‍ പ്രമേയം അവതരിപ്പിച്ചിട്ടില്ലെന്ന ഉമ്മന്‍ചാണ്ടിയുടെ ന്യായവാദം സാങ്കേതികം മാത്രമാണ്‌. കോണ്‍ഗ്രസിന്റെ നേതൃയോഗത്തിലാണ്‌ അത്തരമൊരു പ്രമേയം കൊണ്ടുവന്നത്‌. ഉമ്മന്‍ചാണ്ടിയുടെ എതിര്‍പ്പു കാരണമാണ്‌ അതു നടക്കാതെ വന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

സി.പി.എം ഒരു കാലത്തും ആര്‍.എസ്‌.എസുമായി കൂട്ടുകൂടിയിട്ടില്ല. ആര്‍.എസ്‌.എസ്‌ ബന്ധപ്പെറ്റി പറയുമ്പോള്‍ ഉമ്മന്‍ചാണ്ടിക്കും കോണ്‍ഗ്രസിനും നേരെ തന്നെയാണ്‌ അത്‌ തിരിഞ്ഞുകൊള്ളുന്നത്‌. ചരിത്രത്തില്‍ സ്‌ഥാനം പിടിച്ച വടകര-ബേപ്പൂര്‍ മോഡല്‍ കോ-ലി-ബി. സഖ്യം ഉമ്മന്‍ചാണ്ടി മറന്നുപോയോ? വി എസ് ചോദിച്ചു. സംഘപരിവാര്‍ നേതാവ്‌ പ്രവീണ്‍ തൊഗാഡിയയുടെ കേസ്‌ പിന്‍വലിച്ചതും തിരുവനന്തപുരം എം.ജി. കോളജില്‍ പോലീസുകാരനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളായ എ.ബി.വി.പിക്കാരുടെ കേസ്‌ പിന്‍വലിച്ചതും ഉമ്മന്‍ചാണ്ടി എത്ര മറച്ചു പിടിച്ചാലും ജനങ്ങള്‍ ഓര്‍മിക്കുമെന്നും വി.എസ്‌. പറഞ്ഞു.