ബോര്‍ഡും പോസ്റ്ററുകളുമില്ലാത്ത തെരഞ്ഞെടുപ്പ് കാണണണോ; നേരേ കണ്ണൂരിലെ കിലാശിയിലേക്ക് വിട്ടോളൂ

single-img
10 October 2015

Untitled-1

കഴിഞ്ഞ എട്ട് വര്‍ഷമായി കിലാശിയിലെ തെരെഞ്ഞെടുപ്പുകളില്‍ പ്രചരണം നടന്നത് പോസ്റ്ററുകള്‍, ഫ്‌ളക്‌സ് ബോര്‍ഡുകള്‍, ചുവരെഴുത്തുകള്‍ തുടങ്ങി ഒന്നുംതന്നെ ഉപയോഗിക്കാതെയാണ്. കേട്ടാല്‍ ആര്‍ക്കും അത്ഭുതം തോന്നും, ഈ സ്ഥലം കേരളത്തില്‍ തന്നെയാണോ എന്ന സംശയം വരെ തോന്നാം. എന്നാല്‍ സംശയിക്കേണ്ട സംഭവം സത്യമാണ്. കേരളത്തിലെ ഒരു പ്രദേശമാണ് കിലാശി അതും രാഷ്ട്രീയകലാപങ്ങള്‍ക്ക് പേരുകേട്ട നമ്മുടെ സ്വന്തം കണ്ണൂരില്‍.

പോസ്റ്ററുകളും മറ്റും ഇല്ലെന്ന് കരുതി ഇവിടത്തുകാരുടെ പൗരബോധത്തിന് യാതൊരു കുറവുമില്ല. കഴിഞ്ഞ എല്ലാ തിരഞ്ഞെടുപ്പിലും നീണ്ട ജനനിരയാണ് കിലാശിയിലെ വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ അനുഭവപ്പെട്ടത്.
‘ഈ പ്രദേശത്ത് രാഷ്ട്രീയപാര്‍ട്ടികളുടേയും മറ്റ് സംഘടനകളുടേയും പ്രചരണങ്ങളും പോസ്റ്ററുകളും നിരോധിച്ചിരിക്കുന്നു.’ എന്ന അറിയിപ്പ് ബോര്‍ഡ് കിലാശിയില്‍ പ്രവേശിക്കുമ്പോള്‍ നമുക്ക് കാണാനാകും. വോട്ടുപിടിക്കുന്നതിന് പോസ്റ്ററുകളോ ചുവരെഴുത്തുകളോ വേണ്ടെന്നാണ് കിലാശിക്കാരുടെ അഭിപ്രായം. പകരം വീടുകള്‍ തോറുമുള്ള പ്രചരണം മതിയത്രെ.

ബോര്‍ഡും പോസ്റ്ററുകളും ഒന്നുമില്ലെങ്കില്‍ പാര്‍ട്ടിക്കാര്‍ തമ്മില്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടാവില്ല എന്ന് പ്രദേശവാസികള്‍ പറയുന്നു. പാര്‍ട്ടിയുടെയും സംഘടനയുടെയും പേരില്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ ഒഴിവാക്കുന്നതിന് വേണ്ടിതന്നെയാണ് നാട്ടുകാര്‍ ഇങ്ങനെയൊരു തീരുമാനം എടുത്തതും.

പാര്‍ലമെന്റിലേക്കും നിയമസഭയിലേക്കും തദ്ദേശ സ്ഥാപനങ്ങളീലേക്കും തുടങ്ങി നിരവധി തെരെഞ്ഞെടുപ്പുകള്‍ ഈ എട്ട് വര്‍ഷത്തിനിടയില്‍ കിലാശി അഭിമുഖീകരിച്ചിട്ടുണ്ട്. ഇവയിലെല്ലാം വീടുകള്‍ കയറിയുള്ള പ്രജാരണങ്ങളാണ് നടന്നതും. പ്രസ്തുത കാലഘട്ടത്തിനിടയില്‍ കിലാശിയില്‍ ഒരു വിധത്തിലുള്ള രാഷ്ട്രീയസംഘടനപരമായ തര്‍ക്കങ്ങളും നടന്നിട്ടില്ല എന്ന് ഇവിടത്തെ നാട്ടുകാര്‍ സാക്ഷ്യം വഹിക്കുന്നു.

തെരെഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പ്രജരണത്തിന്റെ പേരില്‍ കുറേ പണം ദൂര്‍ത്തടിക്കുന്നത് ഇവിടെ പതിവാണ്. പണം ജനങ്ങളില്‍ നിന്ന് തന്നെ കണ്ടെത്തുന്നു എന്നത് മറ്റൊരു സത്യം. (പാര്‍ട്ടി ഫണ്ടിലേക്കുള്ള പിരിവാണ് ഉദ്ദേശിച്ചത്). സംഹരിക്കുന്ന പണമത്രേയും ഫ്‌ളക്‌സ് അടിച്ചും പോസ്റ്ററടിച്ചും (കുറച്ചൊക്കെ പുട്ടടിച്ചും) തീര്‍ക്കും. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി ജനങ്ങളിലേക്ക് ഇറങ്ങിചെന്ന് വോട്ട് പിടിക്കുന്നത് തന്നെയാണ് കൂടുതല്‍ ഫലപ്രദം. അത് തെളിയിക്കുന്ന ഏറ്റവും നല്ല ഉദാഹരണവും മികച്ച മാതൃകയും നമ്മുടെ കേരളത്തില്‍ തന്നെയുണ്ട്, അതാണ് കിലാശി.