രാജ്യത്തെ സേവിക്കാന്‍ തന്നെ ഒരു സൈനികനാക്കിയ പിതാവാണോ ആ പിതാവിനെ കൊലപ്പെടുത്തിയ അക്രമികളാണോ യഥാര്‍ത്ഥ രാജ്യസ്‌നേഹികള്‍?

single-img
6 October 2015

1444056456_dadri

രാജ്യത്തെ സേവിക്കാന്‍ തന്നെ ഒരു സൈനികനാക്കിയ പിതാവാണോ ആ പിതാവിനെ കൊലപ്പെടുത്തിയ അക്രമികളാണോ യഥാര്‍ത്ഥ രാജ്യസ്‌നേഹികള്‍? ചോദ്യം സര്‍താജ് മുഹമ്മദ് എന്ന ഇന്ത്യന്‍ വ്യോമസേന ഉദ്യോഗസ്ഥന്റേതാണ്. അക്രമികള്‍ ബീഫ് കഴിച്ചുവെന്ന ആരോപിച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ മുഹമ്മദ് ഇഖ്‌ലാഖിന്റെ മൂത്ത മകനാണ് സര്‍താജ് മുഹമ്മദ്. അരകമികളുടെ ആക്രമണത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന സഹോദരന്‍ ഡാനിഷിനെ ആശുപത്രിയില്‍ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം.

തന്റെ പിതാവിന്റെ ആഗ്രഹപ്രകാരമാണ് താന്‍ സൈനിക സേവനം തെരഞ്ഞെടുത്തതെന്ന് സര്‍താജ് മുഹമ്മദ് പറയുന്നു. രാജ്യത്തെ സേവിക്കാന്‍ അനുയോജ്യമായ മാര്‍ഗ്ഗം ഒരു സൈനികനാകുകയാണെന്ന് പിതാവ് തന്നോട് പറഞ്ഞിട്ടുണ്ടെന്നും എയര്‍ഫോഴ്‌സിന്റെ ചെന്നൈ യൂണിറ്റില്‍ കോര്‍പറലായ സര്‍താജ് മുഹമ്മദ് പറഞ്ഞു. സ്‌കൂള്‍ പഠനകാലത്ത് ബിസിനസായിരുന്നു തന്റെ സ്വപ്‌നമെങ്കിലും തെന്ന അതില്‍ നിന്നും വഴിതിരിച്ചു വിട്ട് എയര്‍ഫോഴ്‌സില്‍ ചേരാന്‍ പ്രചോദനം നല്‍കിയത് പിതാവായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

താന്‍ രാജ്യത്തെ ഇനിയും സേവിക്കുമെന്നും ഈ രാജ്യത്തെ നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇളയ മകന്‍ ഡാനിഷിനെ സിവില്‍ സര്‍വീസുകാരനാക്കണമെന്ന പിതാവിന്റെ ആഗ്രഹം നടപ്പാക്കാനുള്ള ശ്രമത്തിലാണ് താനെന്നും അദ്ദേഹം പറഞ്ഞു. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുമെന്ന വിശ്വാസമുണ്ടെന്നും സര്‍താജ് പറഞ്ഞു. നോയിഡയിലെ കൈലാഷ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഡാനിഷിനെ കാണാന്‍ സര്‍താജിനൊപ്പം കേന്ദ്രമന്ത്രി മഹേഷ് ശര്‍മയും എത്തിയിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ബീഫ് കഴിച്ചുവെന്നാരോപിച്ച് മുഹമ്മദ് ഇഖ്‌ലാഖിനെ അക്രമി സംഘം മര്‍ദ്ദിച്ചു കൊന്നത്. സംഭവത്തില്‍ ബി.ജെ.പയുടെ പ്രാദേശിക നേതാവ് സഞ്ജയ് റാണയുടെ മകന്‍ വിശാല്‍ അടക്കം പത്തോളം പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.