ദാദ്രി കൊല: ഉത്തർപ്രദേശ് സർക്കാറിന്റെ റിപ്പോർട്ടിൽ കൊലയ്ക്ക് പിന്നിലെ കാരണം അവ്യക്തം, കൊലയെ ന്യായീകരിച്ച് ബിജെപി  

single-img
6 October 2015

sakshi-maharajന്യൂഡൽഹി: ദാദ്രി കൊലപാതകവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഉത്തർപ്രദേശ് സർക്കാർ സമർപ്പിച്ച റിപ്പോർട്ടിൽ അപാകത. മാട്ടിറച്ചി കഴിച്ചുവെന്നാരോപിച്ച് ആൾക്കൂട്ടം കൊലപ്പെടുത്തിയ മുഹമ്മദ് അഖ്‌ലാഖിന്റെ കൊലയ്ക്ക് പിന്നിലുള്ള കാരണം റിപ്പോർട്ടിൽ പറഞ്ഞട്ടില്ല. സംഭവത്തെത്തുടർന്ന് ഉത്തർപ്രദേശ് സർക്കാറിനെതിരെ രൂക്ഷവിമർശനമാണ് ഉയർന്നിരിക്കുന്നത്.

ബീഫ് കഴിച്ചെന്നും വീട്ടിൽ സൂക്ഷിച്ചെന്നും ആരൊപിച്ച് നൂറോളം പേർ ചേർന്ന് അഖ്‌ലാഖിനെ മർദ്ദിച്ചു കൊല്ലുകയായിരുന്നു. സർക്കാർ റിപ്പോർട്ടിൽ ‘ബീഫ്’ എന്നോ ‘മാട്ടിറച്ചി’ എന്നോ ഉപയോഗിയ്ക്കുന്നതിന് പകരം കശാപ്പ് നിരോധിച്ചിട്ടുള്ള ഒരു മൃഗത്തിന്റെ ഇറച്ചി എന്ന് മാത്രമാണ് പരാമർശം.

അതിനിടെ ദാദ്രി സംഭവത്തെ അനുകൂലിച്ച് നിരവധി ബി.ജെ.പി നേതാക്കന്മാരും രംഗത്ത് വന്നിരുന്നു. പശുവിനെ സംരക്ഷിയ്ക്കാനായി കൊല്ലാനും മരിയ്ക്കാനും വരെ തയ്യാറാണെന്ന് ബി.ജെ.പി എം.പി സാക്ഷി മഹാരാജ് പറഞ്ഞു. ഗോ അമ്മയാണെന്നും അമ്മയെ കൊല്ലാൻ ആരെങ്കിലും ശ്രമിച്ചാൽ തനിക്ക് മിണ്ടാതിരിയ്ക്കാനാവില്ലെന്നും സാക്ഷി പറഞ്ഞു.

ഗോവധം രാജ്യത്തുടനീളം നീരോധിയ്ക്കാൻ നിയമം വേണമെന്ന് മറ്റൊരു ബി.ജെ.പി എം.പി യോഗി ആദിത്യനാഥും ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട മുഹമ്മദ് അഖ്‌ലാഖിന്റെ കുടുംബത്തെ ഗോ ഹത്യക്കാർ എന്ന് വിശേഷിപ്പിയ്ക്കുകയും പ്രതികളെ ന്യായീകരിച്ച് സംസാരിയ്ക്കുകയും ചെയ്‌ത ബി.ജെ.പി എം.എൽ.എ സംഗീത് സോമിന്റെ നിലപാടും വ്യാപകമായ വിമർശനത്തിന് വിധേയമായിരുന്നു.