2017 മുതല്‍ കോളേജുകളിലെ ക്യാമ്പസ്‌ പ്‌ളേസ്‌മെന്റുകള്‍ നിര്‍ത്തലാക്കിയേക്കും

single-img
3 October 2015

kerala-technological-universityകൊച്ചി: 2017 മുതല്‍ കോളേജുകളില്‍ നടത്തിവരുന്ന ക്യാമ്പസ്‌ പ്‌ളേസ്‌മെന്റുകള്‍ നിര്‍ത്തലാക്കാന്‍ കേരളാ ടെക്‌നോളജി യൂണിവേഴ്‌സിറ്റി തീരുമാനിച്ചു.  ഇതിന്‌ പകരമായി എഞ്ചിനീയറിംഗ്‌ ബിരുദധാരികളെ കമ്പനികള്‍ക്ക്‌ റിക്രൂട്ട്‌ ചെയ്യാനായി   പൊതുസംവിധാനം യൂണിവേഴ്‌സിറ്റി നടപ്പിലാക്കും.

ഇക്കാര്യം ചര്‍ച്ച ചെയ്യാനായി കമ്പനികളുടേയും ഓഫീസര്‍ മാരുടേയും യോഗം വിളിച്ചുകൂട്ടും. സര്‍വകലാശാല കൊണ്ടുവരുന്ന പൊതുസംവിധാനത്തില്‍ കോളേജുകള്‍ക്ക്‌ വിദ്യാര്‍ത്ഥികളുടെ പേര്‌ റജിസ്‌റ്റര്‍ ചെയ്യാനാകും. ഇതില്‍ നിന്നായിരിക്കും കമ്പനികള്‍ റിക്രൂട്ട്‌മെന്റ്‌ നടത്തുക. കെടിയുവിന്‌ കീഴിലുള്ള 155 എഞ്ചിനീയറിംഗ്‌ കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക്‌ ഇതിന്റെ പ്രയോജനം കിട്ടും.

കമ്പനികള്‍ക്ക്‌ തങ്ങള്‍ക്ക്‌ വേണ്ട മിടുക്കന്മാരെ കണ്ടെത്താനുള്ള മികച്ച വഴികളില്‍ ഒന്നായിരുന്നു ക്യാമ്പസ്‌ പ്‌ളേസ്‌മെന്റ്‌. 2014 ല്‍ 18,000 തൊഴിലവസരങ്ങളാണ്‌ കമ്പനികള്‍ എഞ്ചിനീയറിംഗ്‌ ബിരുദധാരികള്‍ക്കായി മുന്നോട്ട്‌ വെച്ചത്‌. ഇവയില്‍ 9000 എണ്ണത്തില്‍ നിയമന ഉത്തരവ്‌ അയയ്‌ക്കുകയും ചെയ്‌തു.  ഈ വര്‍ഷവും ഇവര്‍ കോളേജുകളെ സമീപിച്ചിട്ടുണ്ട്‌.