ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഫണ്ട് കണ്ടെത്താന്‍ സാധിക്കുന്നില്ല; കോണ്‍ഗ്രസ് എംപിമാര്‍ ഒരു മാസത്തെ ശമ്പളം പാര്‍ട്ടിക്ക് സംഭാവനയായി നല്‍കണമെന്ന് പാര്‍ട്ടി ട്രഷറര്‍

single-img
30 September 2015

Congress - 2കോണ്‍ഗ്രസ് എംപിമാര്‍ ഒരു മാസത്തെ ശമ്പളം പാര്‍ട്ടിക്ക് സംഭാവനയായി നല്‍കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി ട്രഷററുടെ കത്ത്. പാര്‍ട്ടിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഫണ്ട് കണ്ടെത്താന്‍ സാധിക്കാത്തതിനാലാണ് ലോക്‌സഭാ എംപിമാര്‍ക്കും രാജ്യസഭാ എംപിമാര്‍ക്കും പാര്‍ട്ടി ട്രഷറര്‍ മോട്ടിലാല്‍ വോറ കത്തെഴുതിയത്.

ഇതിന് പുറമെ പാര്‍ട്ടിക്ക് ഫണ്ട് കണ്ടെത്താന്‍ ഡല്‍ഹി കോണ്‍ഗ്രസ് കമ്മറ്റിയും ശ്രമിക്കുന്നുണ്ട്.  ഡല്‍ഹി ഘടകത്തിന്റെ ചുമതലയുള്ള പിസി ചാക്കോ പിസിസ അധ്യക്ഷന്‍ അജയ് മാക്കന്‍ എന്നിവര്‍ ചേര്‍ന്ന് മുന്‍ എംപിമാരെയും എംഎല്‍എമാരെയും കണ്ട് ഫണ്ട് ശേഖരിക്കാനുള്ള ശ്രമത്തിലാണ്. ഒരു ലക്ഷം രൂപ പാര്‍ട്ടി ഫണ്ടിലേക്ക് സംഭാവന ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുന്‍എംപിമാര്‍ക്കും മറ്റും ഡല്‍ഹി ഘടകം കത്തയച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടി ഉണ്ടാകുമെന്ന മുന്‍വിധിയോടെ ബിസിനസ് സ്ഥാപനങ്ങളും വ്യാപാരികളും പാര്‍ട്ടിയോട് അകലം പാലിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ തുറന്നു പറയുന്നുണ്ട്.  കഴിഞ്ഞ വര്‍ഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് മുതല്‍ പാര്‍ട്ടിക്ക് ഫണ്ടിന്റെ കുറവുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഡല്‍ഹി സംസ്ഥാന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഫണ്ട് കണ്ടെത്താന്‍ വളരെ ബുദ്ധിമുട്ടി. ഇപ്പോള്‍ ബീഹാര്‍ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന സാഹചര്യത്തില്‍ ഫണ്ടില്ലാതെ പാര്‍ട്ടിക്ക് മുന്നോട്ടു പോകാന്‍ കഴിയില്ല. പാര്‍ട്ടി അധികാരത്തിലിരുന്ന സമയത്ത് ഫണ്ട് കൈകാര്യം ചെയ്തിരുന്ന വ്യക്തികളുടെ കാര്യപ്രാപ്തി ഇല്ലായ്മ കൊണ്ടാണ് ഇപ്പോള്‍ പാര്‍ട്ടിക്ക് പണമില്ലാത്ത അവസ്ഥയില്‍ എത്തിച്ചതെന്ന ആരോപണം ശക്തമാണ്.