ദിനവും നൂറടി വീതിയുള്ള അഴുക്കുചാല്‍ നീന്തിക്കടന്ന് സ്‌കൂളിലേക്കു പോകുന്ന ഇരുന്നൂറോളം കുട്ടികളെ അധികൃതര്‍ കണ്ടില്ലെങ്കിലും ഇശാന്‍ ബാല്‍ബല്‍ എന്ന 17കാരന്‍ കണ്ടു

single-img
29 September 2015

Esal

ഇന്നത്തെ കുട്ടികളുടേതാണ് നാളത്തെ രാജ്യത്തിന്റെ ഭാവി എന്നു പറയുന്നത് ഇവിടെ അര്‍ത്ഥവത്തായിരിക്കുകയാണ്. ഇന്നുള്ള ഭരണാധികാരികളേക്കാള്‍ ദീര്‍ഘവീക്ഷണവും മനുഷ്യസ്‌നേഹവും കുട്ടികളിലാണ് കൂടുതലുള്ളതെന്ന് സംശയലേശമന്യേ പറയാന്‍ കഴിയും. അതിനുദാഹരണമാണ് ഇശാല്‍ ബല്‍ബല്‍ എന്ന 17കാരന്റെ പ്രവൃത്തി. മുംബൈ എന്ന മഹാനഗരത്തിലെ ചെറിയൊരു ചേരിയുടെ ഹൃദയം തന്റേതായ പ്രവൃത്തിയിലൂടെ അവന്‍ സ്വന്തമാക്കിയിരിക്കുന്നു, മറ്റുള്ളവര്‍ക്ക് മാതൃകയായി.

മുംബൈയിലെ സാത് നഗറിലെ കുട്ടികള്‍ വര്‍ഷങ്ങളായി സ്‌കൂളില്‍ പോയിരുന്നത് അവിടുത്തെ നൂറടി വീതിയുള്ള അഴുക്കുചാല്‍ നീന്തിക്കടന്നായിരുന്നു. വ്യവസായ മാലിന്യങ്ങളും മനുഷ്യവിസര്‍ജ്യങ്ങളും വരെ ഒഴുകുന്ന ആ അഴുക്കുചാലാലില്‍ ഇറങ്ങി മുട്ടറ്റം വെള്ളത്തില്‍ നടന്ന് ഇക്കരെകയറി ദേഹത്ത് പറ്റിയ മാലിന്യം കഴുകിക്കളഞ്ഞ ശേഷമാണ് അവര്‍ സ്‌കൂളിലേക്ക് പോയിരുന്നത്. ഏകദേശം ഇരുന്നൂറിലേറെ വിദ്യാര്‍ത്ഥികളാണ് ഇത്തരത്തില്‍ അവിടെ പഠിച്ചുകൊണ്ടിരുന്നത്.

എന്നാല്‍ ഭരണകര്‍ത്താക്കള്‍ കാലങ്ങളായി ഈ അഴുക്ക് ചാല്‍ കാണാറില്ലായിരുന്നു. പല നിവേദനങ്ങളും മാറിമാറി ചേരി നിവാസികള്‍ നല്‍കിയെങ്കിലും ഒരു തവണപോലും അധികൃതര്‍ കനിഞ്ഞില്ല. ഒടുവില്‍ നഗരസഭയും നേതാക്കളും കൈവിട്ട ഈ രപശ്‌നം പരിഹരിച്ചത് പ്ലസ് ടു വിദ്യാര്‍ഥിയായ പതിനേഴുകാരന്‍ ഇശാന്‍ ബാല്‍ബലാണ്. താനെ ബദേക്കര്‍ കോളജിലെ വിദ്യാര്‍ഥിയാണ് ഇശാന്‍ ചേരിയിലെ കുട്ടികള്‍ക്കു വേണ്ടി ഒരു പാലം നിര്‍മ്മിച്ചു നല്‍കിയാണ് തന്റെ സാമൂഹ്യ പ്രതിബദ്ധത വെളിവാക്കിയത്.

നഗരസഭ വര്‍ഷങ്ങളായി തള്ളിക്കളയുന്ന ചേരി നിവാസികളുടെ ആവശ്യം ഇശാല്‍ വെറും ഏഴ് ദിവസം കൊണ്ട് പ്രവര്‍ത്തികമാക്കി. അഴുക്കുചാലിന് കുറുകെ മരത്തടി ഉപയോഗിച്ചാണ് ഇശാല്‍ പാലം നിര്‍്മിച്ചത്. നാലടി വീതിയും നൂറടി നീളവുമുള്ള പാലം ഇശാന്‍ തന്നെ ഉദ്ഘാടനവും ചെയ്ത് കുട്ടികള്‍ക്ക് വേണ്ടി തുറന്നുകൊടുത്തു. ഒരേസമയം 50 പേര്‍ക്ക് വരെ ഈ പാലം ഉപയോഗിക്കാന്‍ കഴിയുമെന്ന് ഇശാന്‍ പറയുന്നു.

ടാറ്റ ഇന്‍സ്‌റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് സാത് നഗറിലും സമീപത്തെ മറ്റ് ചേരി പ്രദേശങ്ങളിലും നടത്തിയ പഠനത്തില്‍ പോഷകാഹാരക്കുറവ്, പകര്‍ച്ചവ്യാധികള്‍, കുടിവെള്ള പ്രശ്‌നം തുടങ്ങിയവ രൂക്ഷമാണെന്ന് കണ്ടെരത്തിയിരുന്നു. എന്തായാലും ഒരു പാലം പണിത് നല്‍കി പിറകോട്ട് പോകാന്‍ ഇശാല്‍ തീരുമാനിച്ചിട്ടില്ല. ചേരിയിലെ ജനങ്ങള്‍ക്കായി കക്കൂസുകള്‍ നിര്‍മ്മിച്ചു നല്‍കാനുള്ള ഒരുക്കത്തിലാണ് ഈ മിടുക്കന്‍.