‘പ്രൊഫൈല്‍ ചിത്രം മാറ്റിയാല്‍ അത് ഇന്റര്‍നെറ്റ് ഡോട്ട് ഒആര്‍ജിക്ക് പിന്തുണയാകില്ല’, പ്രസ്താവനയില്‍ നെറ്റ് ന്യൂട്രാലിറ്റിയെക്കുറിച്ച് സംസാരിക്കാതെ ഫെയ്‌സ്ബുക്കിന്റെ വിശദീകരണം

single-img
29 September 2015

12039679_10102393263811931_3111681208718879809_nഡിജിറ്റല്‍ ഇന്ത്യാ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചതുമായുണ്ടായ വിവാദങ്ങള്‍ക്ക് വിശദീകരണവുമായി ഫെയ്‌സ്ബുക്ക്. ഫെയ്‌സ്ബുക്ക് നടത്തിയ ക്യാംപെയിന്‍ ഇന്റര്‍നെറ്റ് ഡോട്ട് ഒആര്‍ജിയുമായി ബന്ധപ്പെട്ടതല്ലെന്ന്  ഹഫിംഗ്ടണ്‍പോസ്റ്റ് ഇന്ത്യയോട് ഫെയ്‌സ്ബുക്ക് വക്താവ്   പ്രതികരിച്ചു. മോഡിയുടെ ഫെയ്‌സ്ബുക്ക് സന്ദര്‍ശനത്തിന് മുന്നോടിയായി ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് ഡിജിറ്റല്‍ ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഇന്ത്യന്‍ ത്രിവര്‍ണപതാകയോട് കൂടിയ പ്രൊഫൈല്‍ ചിത്രമാക്കിയിരുന്നു.

ഇതിന് പിന്നാലെ ഡിജിറ്റല്‍ ഇന്ത്യയുടെ മറവില്‍ ഫെയ്‌സ്ബുക്ക് ഇന്റര്‍നെറ്റ് ഡോട്ട് ഒആര്‍ജിക്ക് പിന്തുണ നേടി എടുക്കുകയാണെന്ന ആരോപണം ഉന്നയിക്കപ്പെട്ടിരുന്നു.

ഡിജിറ്റല്‍ ഇന്ത്യ ക്യാംപെയിന്‍ ആപ്ലിക്കേഷന്റെ സോഴ്‌സ് കോഡില്‍ ഇന്റര്‍നെറ്റ് ഡോട്ട് ഒആര്‍ജി എന്ന വാക്ക് വരാന്‍ കാരണം എച്ച്ടിഎംഎല്ലില്‍ കോഡ് എഴുതിയ ഫെയ്‌സ്ബുക്ക് എന്‍ജിനിയറുടെ ഭാഗത്തുനിന്ന് വന്ന പിഴവാണിതെന്നും  വക്താവ്  പറഞ്ഞു. ഡിജിറ്റല്‍ ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യക്കാരായ ഫെയ്‌സ്ബുക്ക് ഉപയോക്താക്കള്‍ പ്രൊഫൈല്‍ ചിത്രം മാറ്റിയാല്‍ അത് ഇന്റര്‍നെറ്റ് ഡോട്ട് ഒആര്‍ജിക്ക് പിന്തുണയാകില്ലെന്ന്  ഫെയ്‌സ്ബുക്ക് വക്താവ് പറഞ്ഞു.

ഇന്ത്യയിലെ ഉപയോക്താക്കള്‍ക്കുണ്ടായ ആശയക്കുഴപ്പം ഒഴിവാക്കാന്‍ ഉടന്‍ തന്നെ കോഡില്‍ മാറ്റം വരുത്തുമെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.

ഡിജിറ്റല്‍ ഇന്ത്യ ക്യാംപെയിന്റെ മറവില്‍ ഇന്ത്യയിലെ നെറ്റ് ന്യൂട്രാലിറ്റി തകര്‍ക്കാന്‍ ഫെയ്‌സ്ബുക്ക് ശ്രമിക്കുന്നതായി ഇന്നലെ മുതല്‍  ആരോപണമുണ്ടായിരുന്നു. അതേസമയം ഫെയ്‌സ്ബുക്ക് വക്താവ് നടത്തിയിരിക്കുന്ന പ്രസ്താവനയില്‍ ഒരിടത്തും നെറ്റ് ന്യൂട്രാലിറ്റിയെക്കുറിച്ച് സംസാരിക്കുന്നില്ല.