‘ഒരിക്കലും യോജിക്കില്ലെന്നു കരുതിയിരുന്ന നേതാക്കളെ ഒന്നിപ്പിക്കാന്‍ താന്‍ നിമിത്തമായതില്‍ സന്തോഷം’, ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലക്കും സുധീരന്റെ പരിഹാസം

single-img
28 September 2015

Ramesh-Chennithala-VM-Sudheeran-Oommen-Chandyതിരുവനന്തപുരം : ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലക്കും നേരെ വി.എം. സുധീരന്റെ ഒളിയമ്പ്. ഒരിക്കലും യോജിക്കില്ലെന്നു കരുതിയിരുന്ന നേതാക്കളെ ഒന്നിപ്പിക്കാന്‍ താന്‍ നിമിത്തമായതില്‍ സന്തോഷമുണ്ടെന്നായിരുന്നു സുധീരന്റെ പരിഹാസം. പാര്‍ട്ടി പുനഃസംഘടനയുടെ പേരിലും കണ്‍സ്യൂമര്‍ഫെഡ്‌ അഴിമതിയുടെ പേരിലും തനിക്കെതിരേ ഒന്നിച്ച്‌ ആക്രമണമഴിച്ചുവിട്ട മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായിരുന്നു സുധീരന്റെ മനസില്‍.

ഉന്നതരായ പല നേതാക്കള്‍ ശ്രമിച്ചിട്ടും നടക്കാതെപോയതാണ്‌ ഈ യോജിപ്പ്‌. പാര്‍ട്ടിയിലെ വ്യത്യസ്‌ത ഗ്രൂപ്പുകളുടെ നേതാക്കള്‍ ഇപ്പോള്‍ ഒന്നിക്കുന്നു. ആരു വിചാരിച്ചാലും യോജിപ്പിക്കാന്‍ കഴിയില്ലെന്നു കരുതിയ ഗ്രൂപ്പുകള്‍ക്കു യോജിക്കാമെങ്കില്‍ എന്തുകൊണ്ട്‌ പാര്‍ട്ടിക്കു കീഴിലുള്ള സംഘടനകള്‍ക്ക്‌ യോജിച്ചുകൂടാ? നേതാക്കള്‍ ഒന്നിക്കുമ്പോള്‍ പ്രവര്‍ത്തകരും പ്രവര്‍ത്തകര്‍ ഒന്നിക്കുമ്പോള്‍ നേതാക്കളും ഒരുമിച്ചുനില്‍ക്കാറില്ലെന്ന കാര്യം മറക്കരുതെന്നും സുധീരന്‍ ഓര്‍മ്മിപ്പിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഈ ഒത്തൊരുമ ഇല്ലെങ്കില്‍ നല്ല സ്‌ഥാനാര്‍ഥികളെ കണ്ടെത്തി വിജയിപ്പിക്കാനാകില്ല. ഗ്രൂപ്പുകളുടെ അതിപ്രസരം അടുത്തിടെയായി കൂടുകയാണ്‌. ഇക്കാര്യം സ്വയം മനസിലാക്കി നേതാക്കള്‍ ഒന്നിച്ചുനില്‍ക്കുകയാണങ്കില്‍ കോണ്‍ഗ്രസിനും യു.ഡി.എഫിനും നിയമസഭാ തെരഞ്ഞെടുപ്പിലും നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.