ചാനൽ പരിപാടിയിലൂടെ ശശികലയെ വിമർശിച്ച മാധ്യമ പ്രവർത്തകൻ ലല്ലുവിന് ഫേസ്ബുക്കിലൂടെ തെറിയും ഭീഷണിയും

single-img
23 September 2015

screen-16.22.26[23.09.2015]ഹിന്ദു ഐക്യവേദി നേതാവായ ശശികലയെ വിമർശിച്ചതിന് ഏഷ്യാനെറ്റ് ന്യൂസിലെ ‘ചിത്രം വിചിത്രം’ അവതാരകനും മാധ്യമപ്രവർത്തകനുമായ എസ്. ലല്ലുവിന് നേരെ ഫേസ്ബുക്കിലൂടെ ആക്രമണം. ശശികല നടത്തിയ പ്രസംഗത്തിലെ പോരായ്മകൾ ചൂണ്ടികാട്ടി ലല്ലു പരിപാടി അവതരിപ്പിച്ചിരുന്നു. സാമൂഹിക മാധ്യമങ്ങളിൽ ശരിയായ രീതിയിൽ ഇടപെടേണ്ടതിനെ കുറിച്ച് സംഘപരിവാർ സംഘടനകൾ കൊച്ചിയിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശശികല.വർഗീയ പ്രസംഗങ്ങൾ വഴി വിവാദങ്ങളിൽ  ഇടമ്പിടിച്ച ശശികലയുടെ പ്രസംഗത്തിലെ പിഴവുകൾ “ചിത്രം വിചിത്രത്തിലൂടെ” ലല്ലു പരിഹസിച്ചിരുന്നു.  ഇതിൽ ക്ഷോഭിതരായവരാണ് തെറിയും ഭീഷണിയും കൊണ്ട് ഫേസ്ബുക്കിൽ അഭിഷേകം നടത്തിയത്. ലല്ലു തന്നെയാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരിയ്ക്കുന്നത്.

സമകാലിക രാഷ്ട്രീയ-സാമൂഹിക രംഗത്തെ ആക്ഷേപഹാസ്യ രൂപത്തിൽ അവതരിപ്പിക്കുന്ന ഏറെ ജനശ്രദ്ധ നേടിയ പരിപാടിയാണ് ചിത്രം വിചിത്രം. ലല്ലുവും ഗോപീകൃഷ്ണനുമാണ് അവതാരകർ. ഇതിന് മുമ്പ് പലരേയും ഈ പരിപാടിയിലൂടെ വിമർശിച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ഒരു വർഷത്തിനിടെ ഇത്രയും അധികം തെറിവിളികളും ഭീഷണിയും വരുന്നത് ആദ്യമായിട്ടാണെന്നാണ് ലല്ലു പറയുന്നത്.

ഇൻബോക്‌സിൽ വന്നിട്ടുള്ള തെറിവിളികളുടേയും ഭീഷണികളുടേയും എല്ലാം സ്‌ക്രീന്‍ ഷോട്ടുകൾ എടുത്ത് വച്ചിട്ടുണ്ടെന്നും എന്നാൽ ഒന്നും പുറത്ത് കാണിക്കാൻ കൊള്ളാത്തവയാണെന്നും ലല്ലു ഫേസ്ബുക്കിൽ പറയുന്നു. പരിപാടി അവതരിപ്പിച്ചത് ലല്ലുവാണെങ്കിലും തെറിവിളിയിനിന്നും അച്ഛനേയും അമ്മയേയും ഒന്നും ഒഴിവാക്കിയിരുന്നില്ല. തെറിവിളിക്ക് പുറമെ ഭീഷണിയുടെ സ്വരത്തിലും കമന്റുകൾ വന്നിരുന്നു.

ജോലി ചെയ്യുന്ന സ്ഥാപനത്തിലെ പണി തെറിപ്പിയ്ക്കുമെന്നായിരുന്നു ഒരു ഭീഷണി. നാട്ടിലെത്തിയാൽ ലല്ലുവിന്റെ തല അടിച്ചു പൊട്ടിയ്ക്കും എന്നായിരുന്നു ഗള്‍ഫിലുള്ള ഒരാളുടെ ഭീഷണി.

പ്രസംഗത്തിൽ ശശികല നടത്തിയ രണ്ട് പരാമർശങ്ങളാണ് ചിത്രം വിചിത്രത്തിൽ വിമർശിച്ചിരുന്നത്. കൊല്‍ക്കത്തയിലെ ഒരു കന്യാസ്ത്രീയ്ക്ക് ‘എന്തോ പറ്റിയപ്പോൾ’ എന്ന് പറഞ്ഞ ശശികല രണ്ടാമത് ‘പീഡനമെന്ന്’ തിരുത്തി. ലല്ലു ഇതിനെ രൂക്ഷമായിതന്നെ വിമർശിച്ചിരുന്നു. രണ്ടാമത് നടത്തിയ പരാമർശത്തിൽ ശശികലയ്ക്ക് പറ്റിയ വലിയ പിഴവിനെ ചൂണ്ടിക്കാട്ടി.

മഹാരാഷ്ട്രയിൽ ബീഫ് നിരോധിച്ചപ്പോൾ ഡിവൈഎഫ്‌ഐ ബീഫ് ഫെസ്റ്റ് നടത്തി, ഇനി മുംബൈയിലെ ചുവന്ന തെരുവ് (റെഡ് സ്ട്രീറ്റ്) നിരോധിച്ചാൽ ജനാധിപത്യ മഹിള അസോസിയേഷനിലെ വനിതകൾ റോഡിലിറങ്ങി മറ്റേ പണി ചെയ്യുമോ എന്നായിരുന്നു ഒരു വാട്‌സ് ആപ്പ് സന്ദേശം ഉദ്ധരിച്ച് ശശികല പറഞ്ഞത്. മഹാരാഷ്ട്രയിൽ ബീഫ് ഫെസ്റ്റ് നടത്തിയത് ശിവസേന വിഭാഗമാണെന്ന് ശശികലയെ ലല്ലു തിരുത്തി. കൂടാതെ ഇത്തരം പ്രസംഗങ്ങൾ നിരവഹിക്കുന്നതിന് മുമ്പ് സംഭവങ്ങളെ കുറിച്ച് പഠിക്കുന്നത് നന്നായിരിക്കും എന്ന് ഓർമ്മിപ്പിക്കുകയും ചെയ്തു.