മില്‍മയുടെ പാല്‍വണ്ടിയില്‍ നിന്നും പണം കവര്‍ന്ന കുറ്റത്തിന് അറസ്റ്റിലായ പ്രതി മോഷണ മുതല്‍ ചെലവഴിക്കുന്നത് സര്‍ക്കാര്‍ ആശുപത്രികളിലെത്തുന്ന നിര്‍ദ്ധനരായ രോഗികളെ സഹായിക്കാന്‍

single-img
18 September 2015

thief

തിരുവനന്തപുരം നേമത്ത് പാല്‍വണ്ടിയില്‍ നിന്നും പണംകവര്‍ന്ന പ്രതിയെ പോലീസ് അറസ്റ്റുചെയ്തപ്പോള്‍ മോഷണ ശ്രമത്തോടൊപ്പം തെളിഞ്ഞത് പ്രതിയുടെ പരോപകാര പ്രവര്‍ത്തികളും. മോഷണം നടത്തിക്കിട്ടുന്ന തുകകൊണ്ട് ആശുപത്രികളിലെത്തുന്ന നിര്‍ദ്ധനരായ രോഗികളെ ഇയാള്‍ സഹായിക്കുന്നുണ്ടെന്ന വിവരമാണ് പോലീസിന് ലഭിച്ചത്.

കാരയ്ക്കാമണ്ഡപത്തിനടുത്തുള്ള ഒരു കടയില മില്‍മാ പാലുമായി വന്ന ജീപ്പില്‍ നിന്നും 27,360 രൂപ കവര്‍ന്ന കേസില്‍ അമരവിള ദേവശ്വരം കൊല്ലയില്‍ പരിയല്ലൂര്‍ വിള മേലേപുത്തന്‍ വീട്ടില്‍ സുനിലി(മൂസ-32)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഓട്ടോയില്‍ എത്തിയാണ് പ്രതി മോഷണം നടത്തിയത്. മോഷണം നടത്തിയ സ്ഥലത്തെ സിസി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചുവെങ്കിലും പോലീസിന് പ്രതിയെ തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല.

ഈ സമയം അവിടെ ബസ് കാത്തു നിന്ന സ്ത്രീകള്‍ നല്‍കിയ വിവരം അനുസരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. നെയ്യാറ്റിന്‍കര ആശുപത്രി പരിസരത്ത് തന്റെ സേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കേയാണ് സുനിലിനെ പോലീസ് അറസ്റ്റ് ചെയ്തത്.

മറ്റൊരു കേസില്‍ ജയിലിലായിരുന്ന സുനില്‍ മൂന്ന് മാസം മുമ്പ് പുറത്തിറങ്ങിയതേയുള്ളു. അമരവിള സ്റ്റാന്റിലെ ഓട്ടോ ഡ്രൈവര്‍കൂടിയാണ് പ്രതി. ഓട്ടോയില്‍ കറങ്ങിനടന്ന് പണം തട്ടിയെടുക്കുന്ന സുനില്‍ ആ തുക ഉപയോഗിച്ച് പാവങ്ങളെ സഹായിക്കുകയാണ് ചെയ്യുന്നതെന്ന് പോലീസ് പറയുന്നു.