കേരളത്തില്‍ ജോലി തേടിയെത്തിയ അസം സ്വദേശിയായ അനറോള്‍ അബ്ദുള്‍ റസാഖ് ഇന്ന് നീര ചെത്തുന്നതിലൂടെ സമ്പാദിക്കുന്നത് പ്രതിമാസം അരലക്ഷത്തോളം രൂപ

single-img
16 September 2015

 

Aranolമലയാളി മറന്ന തെങ്ങിനേയും തെങ്ങുകയറ്റത്തേയും സ്‌നേഹിക്കാന്‍ ഒരു അസംകാരന്‍. അസം സ്വദേശി അനറോള്‍ അബ്ദുള്‍ റസാഖ് ഇന്ന് നീര ചെത്തുന്നതിലൂടെ പ്രതിമാസം നേടുന്നത് 44,000 രൂപയാണ്. തന്റെ ജോലിയുടെ മികവുകൊണ്ട് അടുത്തുതന്നെ വേതനം അര ലക്ഷം കടക്കുമെന്നും അനറോള്‍ വിശ്വസിക്കുന്നു.

നാലുവര്‍ഷംമുമ്പാണ് അസമിലെ നാഗാവ് ജില്ലക്കാരനായ അനറോള്‍ അബ്ദുള്‍ റസാഖ് ജോലി തേടി കൊല്ലത്തെത്തിയത്. സാധാരണ അന്യസംസ്ഥാന തൊഴിലാളികളെ പോലെ ജോലി തേടിയെത്തിയ അനറോളിന് തെങ്ങുകയറ്റത്തിലോ നീര ടാപ്പിങ്ങിലോ ഒരു മുന്‍പരിചയവുമുണ്ടായിരുന്നില്ല. കൊല്ലം രൂപതയുടെ കീഴിലുള്ള ശ്രേയസ് അഗ്രിക്കള്‍ച്ചര്‍ ഫാമില്‍ ജോലി ലഭിച്ച അനറോള്‍ അവിചാരിതമായാണ് ഈ മേഖലയിലേക്ക് തിരിയുന്നത്.

ബിഷപ്പിന്റെ നിര്‍ദ്ദേശപ്രകാരം പ്രസ്തുത ഫാമിലെ 60 തെങ്ങുകള്‍ നീര ടാപ്പിങ്ങിനായി നല്‍കുകയായിരുന്നു. ഈ സമയം തെങ്ങുകയറ്റത്തിലുള്ള അനറോളിന്റെ മികവ് ഫാം ഡയറക്ടറായ ഫാ. ജോര്‍ജ് റിബറോയുടെ ശ്രദ്ധയില്‍പ്പെടുകയും നീര ചെത്താനുള്ള പരിശീലനം നല്‍കി അനറോളിനെ നിയോഗിക്കുകയുമായിരുന്നു.

മികവിന്റെ അടിസ്ഥാനത്തില്‍ ഒരുവര്‍ഷത്തിനുള്ളില്‍ത്തന്നെ പരമ്പരാഗത ചെത്തുകാരെ പിന്തള്ളി അനറോള്‍ മുന്നേറി. പ്രതിമാസം 450 ലിറ്റര്‍ വരെ നീര ടാപ്പ് ചെയ്യുന്നതിന് ലിറ്ററിന് 30 രൂപയാണ് വേതന നിരക്ക്. അതിനു മുകളിലുള്ള ഓരോ ലിറ്ററിനും 42 രൂപവീതമാണ് നല്‍കുന്നത്. ജോലിയിലെ മികവ് തുടരുകയാണെങ്കില്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ഈ അസംകാരന്റെ വരുമാനം അരലക്ഷം കവിയുമെന്നതില്‍ സംശയം വേണ്ട.