ഇരുചക്രവാഹനങ്ങളുടെ പിന്‍സീറ്റിലിരുന്ന് യാത്ര ചെയ്യുന്നവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധം- ഹൈക്കോടതി

single-img
16 September 2015

kerala-high-court
കൊച്ചി: ഇരുചക്രവാഹനങ്ങളുടെ പിന്‍സീറ്റിലിരുന്ന് യാത്ര ചെയ്യുന്നവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കി കൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. പിന്‍സീറ്റിലിരിക്കുന്നവര്‍ ഹെല്‍മറ്റ് ധരിക്കുന്നതിന് ഇളവ് നല്‍കിയ 2003 ലെ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഇളവ് അനുവദിച്ച സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം.

ഇരുചക്ര വാഹനങ്ങളില്‍ നിന്ന് തെറിച്ച് വീണ മരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി ചൂണ്ടിക്കാട്ടി ഫോർട്ട് കൊച്ചി സ്വദേശി ടി. യു. രവീന്ദ്രൻ സമർപ്പിച്ച ഹർജിയിലാണു ജസ്റ്റിസ് വി. ചിദംബരേഷിന്റെ ഉത്തരവ്. യുവാക്കളും സ്ത്രീകളും പിൻസീറ്റിൽ യാത്ര ചെയ്തു റോഡിൽ തെറിച്ചുവീണു ജീവൻ പൊലിയാൻ ഇടയാകുന്നത് അനുവദിക്കരുതെന്നു ആവശ്യപ്പെട്ടാണ് ടി. യു. രവീന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചത്.

കേന്ദ്ര മോട്ടോർ വാഹന നിയമം 129–മത് വകുപ്പനുസരിച്ച് പിൻസീറ്റിലുള്ളവരും ഹെൽമെറ്റ് ധരിക്കണമെന്നു വ്യവസ്ഥയുണ്ട്. കേന്ദ്ര മോട്ടോര്‍ വാഹന നിയമം നടപ്പാക്കാന്‍ ബാധ്യസ്ഥമായ സംസ്ഥാന സര്‍ക്കാര്‍ അതില്‍ ഇളവ് അനുവദിച്ചതിനേയാണ് ഹര്‍ജിക്കാരന്‍ ചോദ്യം ചെയ്തത്. ഇനി ഈ ഹര്‍ജിയില്‍ സര്‍ക്കാരിന്റെയും വാദം കേട്ടം ശേഷമായിരിക്കും അന്തിമ ഉത്തരവുണ്ടാകു.