ബംഗളൂരു സ്‌ഫോടനക്കേസ്; പ്രധാന സാക്ഷി കൂറുമാറി

single-img
15 September 2015

madani-case.transfer_ബംഗളൂരു: ബംഗളൂരു സ്‌ഫോടനക്കേസിൽ അബ്ദുൽ നാസർ മഅദ്‌നിക്കെതിരായപ്രധാന സാക്ഷി കൂറുമാറി. സ്‌ഫോടനക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പൊലീസ് തന്നെ സാക്ഷിയാക്കുകയായിരുന്നെന്ന് കുടക് സ്വദേശി റഫീഖ് കോടതിയില്‍ പറഞ്ഞു. മഅദനിയെ കോടതിയില്‍ വെച്ചാണ് ആദ്യം കാണുന്നതെന്നും അതിന് മുന്‍പ് കണ്ടിട്ടില്ലെന്നും റഫീഖ് കോടതിയില്‍ വ്യക്തമാക്കി. ഇതോടെ കേസില്‍ കൂറുമാറിയവരുടെ എണ്ണം രണ്ടായി.

ഈ കേസില്‍ നേരത്തെ ഒരു സാക്ഷി കൂറുമാറിയിരുന്നു.  കേസിൽ കുടുക്കുമെന്ന് പറഞ്ഞ് പൊലീസ് ഭീഷണിപ്പെടുത്തിയാണ് അന്വേഷണ സംഘം തന്റെ മൊഴി രേഖപ്പെടുത്തിയതെന്ന് റഫീഖ് വിചാരണ കോടതിയിൽ പറഞ്ഞു.

സ്‌ഫോടനത്തിന്റെ ആസൂത്രണം നടന്നതായി പറയപ്പെടുന്ന കുടകിൽ വച്ച് മഅ്ദനിയെ കണ്ടുവെന്നായിരുന്നു റഫീഖിന്റെ മുൻപത്തെ മൊഴി. എന്നാൽ മഅ്ദനിയെ ആദ്യം കാണുന്നത് കോടതിയിൽ വച്ചാണെന്ന് റഫീഖ് പറഞ്ഞു. അന്വേഷണ സംഘം നിർബന്ധപൂർവ്വം തന്നെ കൊണ്ട് ചില പേപ്പറുകളിൽ ഒപ്പ് ഇടിവിച്ചിരുന്നു. ഇംഗ്ലീഷിൽ എഴുതിയ ഏതാനും പേപ്പറുകളിൽ ഭീഷണിപ്പെടുത്തി ഒപ്പിട്ടു വാങ്ങിയെന്നും റഫീഖ് വിചാരണ കോടതിയിൽ പറഞ്ഞു.

കഴിഞ്ഞ അഞ്ച് വര്‍ഷമായി ബംഗളൂരു സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് അബ്ദുള്‍ നാസര്‍ മഅദനി വിചാരണ തടവുകാരനായി കഴിയുകയാണ്. മഅദനിയെ കുടുക്കുന്നതിനായി പൊലീസ് മനപ്പൂര്‍വം കെട്ടിച്ചമച്ച കേസാണിതെന്നാണ് മഅദനിയെ പിന്തുണയ്ക്കുന്നവര്‍ പ്രധാനമായും ഉന്നയിക്കുന്ന വാദം.

ബംഗളൂരു സ്‌ഫോടനക്കേസിന്റെ ഗൂഢാലോചന നടന്നത് കുടകില്‍ നടന്ന ക്യാംപിലായിരുന്നെന്നും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മഅദനി രഹസ്യമായി കുടകിലെത്തിയെന്നും ഗൂഢാലോചനയില്‍ പങ്കെടുത്തെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം.