സര്‍ക്കാര്‍ ജീവനക്കാര്‍ ഫയലുകളില്‍ ഹിന്ദിയില്‍ ഒപ്പിടണം; ഹിന്ദി ഇന്ത്യന്‍ ഭാഷകളുടെ മൂത്ത സഹോദരി-ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്

single-img
15 September 2015

hindidivasന്യൂഡല്‍ഹി: സര്‍ക്കാര്‍ ജീവനക്കാര്‍ ഫയലുകളില്‍ ഹിന്ദിയില്‍ ഒപ്പിടണമെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. ഹിന്ദി ദിവസിനോട് അനുബന്ധിച്ച് ഡല്‍ഹിയില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

‘ഹിന്ദിക്ക് അര്‍ഹമായ ബഹുമാനം ലഭിക്കുന്നില്ല. ബുദ്ധിജീവികളെന്ന് അവകാശപ്പെടുന്ന ചിലര്‍ ഇപ്പോഴും ഇംഗ്ലീഷിന് പ്രചാരം നല്‍കാനാണ് ശ്രമിക്കുന്നത്. ഹിന്ദിയാണ് രാജ്യത്തെ എല്ലാ ഭാഗങ്ങളേയും ബന്ധിപ്പിക്കുന്ന ഭാഷ. ഹിന്ദി നമ്മുടെ ഔദ്യോഗിക ഭാഷയാക്കണമെന്ന ആവശ്യം ആദ്യം ഉയര്‍ന്നുവന്നത് ഹിന്ദി സംസാരിക്കാത്ത ബാല ഗംഗാധര തിലകനെ പോലുള്ള നേതാക്കളില്‍ നിന്നാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.’

സംസ്‌കൃതം കഴിഞ്ഞാല്‍ തമിഴാണ് പുരാതന ഭാഷയായി കണക്കാക്കുന്നത്. എന്നാല്‍ ഹിന്ദി രാജ്യത്ത് വ്യാപകമായി ഉപയോഗിക്കുന്നതിനാല്‍ ഹിന്ദിയെ ഇന്ത്യന്‍ ഭാഷകളുടെ മൂത്ത സഹോദരിയായി കണക്കാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഐക്യരാഷ്ട്ര സഭയുടെ ഔദ്യോഗിക ഭാഷാപട്ടികയില്‍ ഹിന്ദിയേയും ഉള്‍പ്പെടുത്തുന്നതിനുള്ള പരിശ്രമങ്ങള്‍ ഇന്ത്യ നടത്തിവരുകയാണെന്ന് ചടങ്ങില്‍ സംസാരിച്ച രാഷ്ട്രപതി പ്രണബ് മുഖര്‍ജി പറഞ്ഞു.