ഇന്ത്യന്‍ വ്യോമ സേന പ്രത്യേക സേനാ വിഭാഗം രൂപീകരിക്കുന്നു; ആളില്ലാ ആകാശ യാനങ്ങള്‍ക്കായി പ്രത്യേക കേഡറാണ് രൂപീകരിക്കുന്നുത്

single-img
14 September 2015

Droneബംഗളൂരു:  ഇന്ത്യന്‍ വ്യോമ സേന പ്രത്യേക സേനാ വിഭാഗം രൂപവത്കരിക്കാനൊരുങ്ങുന്നു. ആളില്ലാ ആകാശ യാനങ്ങളുടെ (അണ്‍മാന്‍ഡ് ഏരിയല്‍ വെഹിക്കിള്‍) പ്രത്യേക കേഡര്‍ രൂപവത്കരിക്കാനാണ് വ്യോമ സേന തയ്യാറെടുക്കുന്നത്.  യുദ്ധവിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും പൈലറ്റുകളെ റിക്രൂട്ട് ചെയ്യുന്നതിന്റെ അതേ നടപടിക്രമങ്ങളായിരിക്കും ഇതിനായി ഉപയോഗിക്കുക. ഇതിനാവശ്യമായ ഉപകരണങ്ങളും ആക്രമണ വിമാനങ്ങളും മറ്റ് സംവിധാനങ്ങളും ഒരുക്കും. 2000 മുതല്‍ സായുധ സേന വാങ്ങിയ 200 ലധികം യു എ വികളും റിമോട്ട്‌ലി പൈലറ്റഡ് വെഹിക്കിളുകളും (ആര്‍ പി വികള്‍) ഈ പുതിയ കേഡറിന്റെ ഭാഗമായിരിക്കും.

യു എ വി വിഭാഗത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ 2012 ല്‍ തന്നെ തുടങ്ങിയിരുന്നു. ബംഗളൂരുവിലെ ഐ എ എഫ് ട്രെയിനിംഗ് കമാന്‍ഡാകും ഈ ഉപകരണങ്ങള്‍ ഏകോപിപ്പിക്കുക. ഇവ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള വിദഗ്ധരെ പരിശീലിപ്പിക്കുന്നതും ഇവിടെയായിരിക്കും. യുദ്ധ വിമാനങ്ങള്‍ പറത്തുന്നതിനായി പൈലറ്റുമാര്‍ക്ക് വന്‍ തുകയും സമയവും ചെലവിട്ടുമാണ് പരിശീലനം നല്‍കുന്നത്. എന്നാല്‍ ഒരു പ്രായം പിന്നിടുമ്പോള്‍ ഇവര്‍ ഈ ജോലിക്ക് വൈദ്യശാസ്ത്രപരമായി യോഗ്യരല്ലാതെ വരുന്നു.

ഇത്തരക്കാരെ ഫലപ്രദമായി ഉപയോഗിക്കുകയെന്നതും പുതിയ കേഡറിന്റെ ലക്ഷ്യമാണെന്ന് ഐ എ എഫ് ട്രെയിംനിംഗ് കമാന്‍ഡ്  പറഞ്ഞു.  അതേസമയം, യുദ്ധോപകരണങ്ങളില്‍ അമേരിക്കയെയും ഇസ്‌റാഈലിനെയും അനുകരിക്കുന്ന നയമാണ് യു എ വി കള്‍ വഴി പ്രാവര്‍ത്തികമാകുന്നതെന്ന വിമര്‍ശം ശക്തമാണ്.  ആയുധ കിടമത്സരത്തിന്റെ ഭാഗമാണ് ഈ തീരുമാനമെന്നും വിമര്‍ശമുണ്ട്.