കശ്മീര്‍ അതിര്‍ത്തിയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു സൈനികരും രണ്ടു ഭീകരരും കൊല്ലപ്പെട്ടു

single-img
11 September 2015

M_Id_345656_India_borderജമ്മു: കശ്മീര്‍ അതിര്‍ത്തിയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു സൈനികരും രണ്ടു ഭീകരരും കൊല്ലപ്പെട്ടു. കുപ്‌വാര ജില്ലയിലെ ഹന്ദ്വാരയില്‍ ലാരിബാല്‍ രാജ്‌വാര്‍ വനപ്രദേശത്താണ് പുലര്‍ച്ചെ വെടിവെപ്പുണ്ടായത്. രാഷ്ട്രീയ റൈഫിള്‍സ് രണ്ടിലെ ജവാന്മാരാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടല്‍ തുടരുകയാണ്.

ഇന്ത്യയുടെയും പാകിസ്താന്റെയും അതിര്‍ത്തി രക്ഷാ സേനകളുടെ മൂന്ന് ദിവസത്തെ യോഗം ഡല്‍ഹിയില്‍ നടക്കുന്നതിനിടെയാണ് അതിര്‍ത്തിയില്‍ പ്രകോപനമുണ്ടായത്. ജമ്മുകശ്മീരില്‍ നിയന്ത്രണരേഖയില്‍ പാകിസ്താന്‍ തുടര്‍ച്ചയായി നടത്തുന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘനവും നുഴഞ്ഞുകയറ്റവും തെളിവുകള്‍ സഹിതം ഇന്ത്യ യോഗത്തില്‍ ഉന്നയിച്ചിരുന്നു. ഇതേച്ചൊല്ലി യോഗത്തില്‍ വാദപ്രതിവാദങ്ങളുമുണ്ടായി.

വെടിനിര്‍ത്തല്‍ ലംഘനത്തിന് ഇന്ത്യയെ പഴിചാരുകയാണ് പാകിസ്താന്‍ ചെയ്തത്. അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശത്തെ പാകിസ്താന്‍ കര്‍ഷകരെ ഇന്ത്യന്‍ സേന ആക്രമിക്കുന്നുവെന്നായിരുന്നു പാകിസ്താന്റെ ആരോപണം. വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം പരിശോധിക്കാന്‍ ഐക്യരാഷ്ട്രസഭയുടെ സൈനിക നിരീക്ഷണ സംവിധാനത്തെ നിയോഗിക്കണമെന്ന ആവശ്യവും പാകിസ്താന്‍ ഉന്നയിച്ചു.