‘ടിപി 51’ വടകരയില്‍ പ്രദര്‍ശിപ്പിക്കണമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

single-img
10 September 2015

THIRUVANCHOORതിരുവനന്തപുരം: ‘ടിപി 51’ സിനിമ വടകരയില്‍ പ്രദര്‍ശിപ്പിക്കണമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. വടകരയില്‍ തിയേറ്റര്‍ ഉടമകള്‍ക്ക് ഭീഷണിയുള്ളതായി ചിത്രത്തിന്റെ സംവിധായകന്‍ പരാതി നല്‍കിയിട്ടുണ്ട്. സിനിമ കാണാനുള്ള അവസരം തടയുന്നത് ശരിയല്ല. സിനിമ പൊതു സമൂഹം വിലയിരുത്തട്ടെ.  ആവിഷ്‌കാര സ്വതന്ത്ര്യത്തിനായി നിലകൊണ്ട സി.പി.എമ്മിന്റെ ഈ നിലപാടിനോട് യോജിപ്പില്ലെന്നും മന്ത്രി വ്യക്തമാക്കി. താന്‍ വെള്ളിയാഴ്ച സിനിമ കാണുമെന്നും അദ്ദേഹം പറഞ്ഞു.

നാല്‍പത് തിയറ്ററുകളില്‍ സിനിമ നാളെ റിലീസ് ചെയ്യാനിരിക്കെയാണ് വടകരയിലെ തിയറ്റര്‍ ഉടമ പിന്‍വാങ്ങിയത്. കേരള ക്വയര്‍ തിയറ്റര്‍ ഉടമ ആദ്യം പ്രദര്‍ശനത്തിന് തയാറായെങ്കിലും അവസാന നിമിഷം പിന്‍വാങ്ങുകയായിരുന്നു. സിപിഎം ഭീഷണിയാണ് പ്രദര്‍ശനത്തിന് വിലക്കു വരാന്‍ കാരണമെന്ന് സംവിധായകന്‍ ആരോപിച്ചു.
mail.goaogle.com_
കേരള രാഷ്ട്രീയത്തില്‍ കോളിളക്കം സ്യഷ്ടിച്ച ടി.പി. ചന്ദ്രശേഖരന്‍ എന്ന ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകന്റെ കൊലപാതകം പ്രമേയമാക്കി നിരവധി ടെലിവിഷന്‍ പരമ്പരകളുടെ സംവിധായകന്‍ മൊയ്തു താഴത്തിന്റെ ആദ്യ ചലച്ചിത്രസംരഭമാണ് ടിപി 51 എന്ന സിനിമ. ടി പി വധത്തില്‍ ഉന്നത ഗൂഢാലോചനകള്‍ തുറന്നു കാട്ടുന്ന ഈ സിനിമ ഒട്ടേറെ പ്രതിസന്ധികള്‍ തരണം ചെയ്താണ് ഇതിന്റെ അണിയറ ശില്‍പികള്‍ ചിത്രീകരിച്ചത്. ഈ സിനിമ പുറത്തു വരാതിരിക്കാനായി ടി പി വധത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ശക്തികള്‍ വച്ചു നീട്ടിയ പ്രലോഭനങ്ങളും ഉയര്‍ത്തിയ ഭീഷണികളുമെല്ലാം അതിജീവിച്ചാണ് ഇത് തീയറ്ററുകളില്‍ എത്തുന്നത് .

ടി പി യുടെ ജീവിതവും കൊലപാതകവും പ്രമേയമാക്കി സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് മൊയ്തു താഴത്താണ്. ടി പി യുടെ കര്‍മ്മ മണ്ഡലങ്ങളായിരുന്ന ഒഞ്ചിയം, ഏറാമല, ഓര്‍ക്കാട്ടേരി, വടകര എന്നിവടങ്ങളിലും തോടുപുഴയിലുമായാണ് സിനിമ ചിത്രീകരിച്ചത്.

ടി പി കൊല്ലപ്പെട്ട വള്ളിക്കാട് വച്ചു തന്നെയാണ് കൊലപാതക രംഗങ്ങള്‍ ചിത്രീകരിച്ചത്. ടി പി വധക്കേസിലെ മുഖ്യ പ്രതികളായ കോടി സുനി, കിര്‍മ്മാണി മനോജ്, മുഹമ്മദ് ഷാഫി എന്നിവര്‍ ഒളിവിലായിരിക്കെ പിടിയിലായ കണ്ണൂരിലെ മുടക്കോഴി മലയിലെ രംഗങ്ങള്‍ ചിത്രീകരിച്ചത് തോടുപുഴയിലാണ്. പ്രത്യേക അന്വേഷണ സംഘത്തിന്റെ അതി സാഹസികമായ മുടക്കോഴിമല ഓപ്പറേഷന്‍ സിനിമയില്‍ വളരെ സൂക്ഷ്മമായി ചിത്രീകരിച്ചിട്ടുണ്ട് .

ടി പി ചന്ദ്രശേഖരന്‍ രൂപവല്‍ക്കരിച്ച് ആര്‍എംപി എന്ന രാഷ്ട്രീയ പാര്‍ട്ടിയും അതിന്റെ നേതാക്കളായ ടി പിയുടെ ഭാര്യ കെ കെ രമ, എന്‍ വേണു, ടി പി യുടെ മകന്‍ അനന്ദു, പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍, ടി പി വധക്കേസ് അന്വേഷിച്ച പ്രത്യേക പോലീസ് സംഘത്തിലെ ഡി വൈ എസ് പി. ട് പി ഷൗക്കത്തലി എന്നിവരെല്ലാം അതേ പേരുകളില്‍ കഥാപാത്രങ്ങളായി വരുന്നുവെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.

ടി. പി. ചന്ദ്രശേഖരന്‍ കുട്ടിയായിരിക്കുമ്പോഴും വിദ്യാര്‍ഥിയായിരിക്കുമ്പോഴും യുവാവായിരിക്കുമ്പോഴും നടത്തിയ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും പിന്നീട് താന്‍ വിശ്വസിച്ചിരുന്ന രാഷ്ട്രീയ പ്രസ്ഥാനവുമായുണ്ടായ ആശയപരമായ ഭിന്നതയും അതേ തുടര്‍ന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിലുണ്ടാകുന്ന മാറ്റവും, ആര്‍ എം പി യുടെ രൂപവത്ക്കരണവും ഇത് ഒഞ്ചിയത്തും പരിസരത്തും ഉണ്ടാക്കുന്ന പ്രശ്‌നങ്ങളും ഒടുവില്‍ ടി പി യുടെ കൊലപാതകത്തില്‍ കലാശിക്കുന്ന സംഭവ വികാസങ്ങളും കേസ് അന്വേഷണവും എല്ലാം ഉള്‍പ്പെട്ടതാണ് ടിപി51 എന്ന സിനിമ.

ഒഞ്ചിയം രക്തസാക്ഷി സഖാവ് മണ്ടോടി കണ്ണന്‍ ജയിലറയ്ക്കുള്ളിലെ രക്ത സാക്ഷിത്വം വരിച്ച ഒഞ്ചിയം വെടിവയ്പ്പും ഈ സിനിമയില്‍ ചിത്രീകരിച്ചിട്ടുണ്ട്. ഒഞ്ചിയം വെടിവയ്പ്പില്‍ കൊല്ലപ്പെട്ട എട്ടു പേരെയും ഒരുമിച്ചു ഒരു കുഴിയില്‍ കുഴിച്ചു മൂടിയ വടകര പുറങ്കര കടപ്പുറത്തു തന്നെയാണ് ഈ രംഗങ്ങള്‍ ചിത്രീകരിച്ചത്.

ടി പി ചന്ദ്രശേഖരന്‍ എന്ന മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ആരും തയ്യാറാകാതിരുന്ന സാഹചര്യത്തില്‍ ഈ സിനിമ ഒരു വേള നിന്ന് പോകുമോ എന്നു പോലും സംശയിച്ചിരുന്നു. ഒടുവില്‍ ടി പി ചന്ദ്രശേഖരനോട് രൂപ സാധൃശ്യമുള്ള രമേശ് വടകരയെ സംവിധായകന്‍ കണ്ടെത്തുന്നതിലൂടെയാണ് സിനിമയ്ക്ക് പുതുജീവന്‍ വച്ചത്.
സിനിമയിലെ നായകനും സംവിധായകനും വധഭീഷണി വരെയുണ്ടായിരുന്നെങ്കിലും അതിനെയെല്ലാം അതിജീവിച്ചാണ് സിനിമ പൂര്‍ത്തിയാക്കിയിരിക്കുന്നത്.

ഷൂട്ടിംഗ് യൂണിറ്റ് ബോംബ് വെച്ച് തകര്‍ക്കുമെന്ന ഭീഷണിയെ തുടര്‍ന്ന് കൊല്ലത്ത് നിന്നെത്തിയ ഔട്ട് ഡോര്‍ യൂണിറ്റ് തിരിച്ചു പോയ സാഹചര്യം വരെയുണ്ടായിരുന്നു. തുടര്‍ന്ന് പോണ്ടിച്ചേരിയില്‍ നിന്നുള്ള ഔട്ട് ഡോര്‍ യൂണിറ്റിനെ വരുത്തിയാണ് ചിത്രീകരണം തുടര്‍ന്നത്.

കെ കെ രമ യായി ദേവി അജിത്തും ഡി വൈ എസ് പി ഷൗക്കത്തലിയായി റിയാസ് ഖാനുമാണ് വേഷമിട്ടിരിക്കുന്നത്. ഇവര്‍ക്കു പുറമേ ഭീമന്‍ രഘു, കൊല്ലം ഷാ, ഗല്‍വിന്‍ മൈസൂര്‍, പ്രകാശ് പയ്യാനക്കല്‍, വേണു മച്ചാട്, ഗീത സലാം, ശിവജി ഗുരുവായൂര്‍, ദീപ ഷൊര്‍ണൂര്‍ തുടങ്ങിയവരും നവാഗതരും വേഷമിട്ടിട്ടുണ്ട്. ജലീല്‍ ബാദുഷ യാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

സൂറാസ് വിഷഷ്വല്‍ മിഡിയയുടെ ബാനറില്‍ ഗഫൂര്‍ സൗണ്ട് ബാങ്ക്‌സ് ആണ് സിനിമ നിര്‍മ്മിക്കുന്നത്. രമേശ് കാവലിന്റെ ഗാനങ്ങള്‍ക്ക് വിപിനാണ് സംഗീതം നല്‍കിയിരിക്കുന്നത്. വി ടി ശ്രീജിത്താണ് എഡിറ്റിംഗ്, അസോസിയേറ്റ് ഡയറക്ടര്‍ അമ്പിളി എസ് കുമാര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്‍ വിനോദ് കുമാര്‍, സൗണ്ട് ഡിസൈനര്‍ ചഞ്ചല്‍ റെയാന്‍.