നേപ്പാൾ സ്വദേശിനികളെ പീഡിപ്പിച്ച സംഭവം; സൗദി നയതന്ത്രജ്ഞൻ രാജ്യം വിട്ടു

single-img
10 September 2015

rapeന്യൂഡൽഹി: വീട്ടുജോലിക്ക് നിന്ന രണ്ട് നേപ്പാൾ സ്വദേശിനികളെ ലൈംഗിക അടിമകളാക്കി സുഹൃത്തുക്കൾക്ക് കാഴ്ച വെച്ച സംഭവത്തിന്റെ അന്വേഷണത്തിനിടെ സൗദി നയതന്ത്രജ്ഞൻ മുങ്ങിയതായി റിപ്പോർട്ട്. ഭാര്യയ്ക്കൊപ്പം ഇയാൾ രാജ്യം വിട്ടെന്നാണ് വിവരം. അതേസമയം നയതന്ത്രജ്ഞന്‍ മാത്രമാണ് ഇന്ത്യ വിട്ടിരിക്കുന്നതെന്നും കുടുംബം സൗദി എംബസിയില്‍ ഉണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സൗദി എംബസിയിലെ ഫസ്റ്റ് സെക്രട്ടറിയാണ് ആരോപണവിധേയന്‍. ചൊവ്വാഴ്ച ഗുഡ്ഗാവിലെ ആഡംബര ഫ് ളാറ്റ് റെയ്ഡ് ചെയ്താണ് ഹരിയാണ പോലീസ് നേപ്പാള്‍സ്വദേശികളായ അമ്മയെയും മകളെയും രക്ഷപ്പെടുത്തിയത്. നേപ്പാള്‍ എംബസിയുടെ അഭ്യര്‍ഥന പ്രകാരമായിരുന്നു പോലീസ് നടപടി. സംഭവത്തിൽ വിദേശകാര്യ മന്ത്രാലയം വിശദമായ അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ട് ഒരു ദിവസത്തിനുള്ളിലാണ് ഇയാൾ സ്ഥലം വിട്ടത്.

കഴിഞ്ഞ നാലു മാസമായി ക്രൂരമായ പീഡനമാണ് തങ്ങള്‍ക്ക് ഏല്‍ക്കേണ്ടിവന്നിരുന്നതെന്നും മരിച്ചുപോകുമെന്നാണ് കരുതിയിരുന്നതെന്നും രക്ഷപ്പെട്ട സ്ത്രീകള്‍ പറഞ്ഞു. നയതന്ത്രജ്ഞന്‍ ആഗ്ര ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ തങ്ങളെ കൊണ്ടുപോയെന്നും ഒരു ദിവസം ഏഴ്-എട്ട് പേര്‍ വരെ ബലാത്സംഗത്തിന് ഇരയാക്കിയിരുന്നതായും ഇവര്‍ വെളിപ്പെടുത്തി.

വി‌യന്ന കൺവെൻഷനിലെ ആർട്ടിക്കിൾ 29 പ്രകാരം അറസ്റ്റ്,​ കസ്റ്റഡി തുടങ്ങിയ നടപടികളിൽ നിന്ന് നയതന്ത്ര പ്രതിനിധികൾക്ക് സംരക്ഷണമുണ്ട്. ഇയാളെ ബഹുമാനത്തോടെ സംരക്ഷിക്കണമെന്നും നിയമത്തിലുണ്ട്. നയതന്ത്രജ്ഞന്റെ സ്വാതന്ത്ര്യത്തെ ഹനിയ്ക്കുന്ന എല്ലാ തരം ആക്രമണങ്ങളിൽ നിന്നും സംരക്ഷണം നൽകുകയും വേണമെന്ന് വിയന്ന കൺവെൻഷനിലെ നിയമം അനുശാസിയ്ക്കുന്നു.