കണ്ണൂരില്‍ കനത്ത സുരക്ഷ സന്നാഹങ്ങള്‍ക്കിടയിലും സംഘര്‍ഷം

single-img
9 September 2015

policecapകണ്ണൂരില്‍ കനത്ത സുരക്ഷ സന്നാഹങ്ങള്‍ക്കിടയിലും സംഘര്‍ഷം തുടരുന്നു. നീര്‍ക്കടവില്‍ സിഐടിയു ജില്ലാ നേതാവിന്റെ വീടിനു നേരേ ബോംബേറ്, ആറ്റടപ്പയില്‍ ബിജെപി പ്രവര്‍ത്തകനു വെട്ടേറ്റു. സിഐടിയു മത്സ്യത്തൊഴിലാളി യൂണിയന്‍ ജില്ലാ സെക്രട്ടറി  രഘുനാഥന്റെ വീടിനു നേരേയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രി 12.30ഓടെ ബൈക്കിലെത്തിയ സംഘമാണ് ബോംബെറിഞ്ഞത്. ബോംബേറില്‍ വീടിന്റെ മുന്‍വശത്തെ വാതില്‍ പൂര്‍ണമായും തകര്‍ന്നു. മുന്‍വശത്തെ മൂന്ന് ജനല്‍ ഗ്ലാസുകളും തകര്‍ന്നിട്ടുണ്ട്.

തിരുവോണനാളിനുശേഷമുണ്ടായ ആക്രമങ്ങള്‍ക്ക് ശേഷം ദ്രുതകര്‍മസേനയടക്കമുള്ളവരുടെ പട്രോളിംഗ് തുടരുന്നതിനിടയിലാണ് ബോംബേറ് നടന്നിരിക്കുന്നത്. കഴിഞ്ഞദിവസം അഴീക്കോട് ചാലില്‍ സിപിഎം കൊടിമരവും പിഴുത് മാറ്റിയിരുന്നു. വിവരമറിഞ്ഞ് വളപട്ടണം സിഐ കെ.വി. ബാബുവുംസംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.

ആറ്റടപ്പയില്‍ ബൈക്കില്‍ പോവുകയായിരുന്ന ബിജെപി പ്രവര്‍ത്തകനെ ഗുരുതരമായി വെട്ടിപരിക്കേല്‍പിച്ചു. ആറ്റടപ്പയിലെ സായൂജി (27)നാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രി 10 ഓടെയാണ് സംഭവം. ബൈക്കില്‍ പോവുകയായിരുന്ന സായൂജിനെ ഒരുസംഘം തടഞ്ഞുനിര്‍ത്തി മാരകായുധങ്ങളുമായി വെട്ടിപരിക്കേല്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിനു പിന്നില്‍ സിപിഎം ആണെന്ന് ബിജെപി ആരോപിച്ചു.