പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം ബഹിഷ്‌ക്കരിക്കുമെന്ന് പട്ടേല്‍ സമുദായം

single-img
9 September 2015

NARENDRA_MODI_2511693fഅഹമ്മദാബാദ്:  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം ബഹിഷ്‌ക്കരിക്കുമെന്ന് അമേരിക്കയിലെ പട്ടേല്‍ സമുദായം. സംവരണ പ്രശ്‌നത്തില്‍ സമ്മര്‍ദ്ദം ശക്തമാക്കുന്നതിന്റെ ഭാഗമായി ന്യൂജഴ്‌സിയിലെ എഡിസനില്‍ ചേര്‍ന്ന പട്ടേലുമാരുടെ യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. ഈ മാസം അവസാനമാണ് മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം.

ഇന്ത്യയില്‍ സംവരണ പ്രക്ഷോഭം നടത്തുന്ന പട്ടേല്‍ സമുദായംഗങ്ങള്‍ക്ക് പിന്തുണയായാണ് പട്ടേലുമാരുടെ തീരുമാനം. ഇതിന് പുറമെ ഗുജറാത്ത് സര്‍ക്കാരിന്റെ എല്ലാ പദ്ധതികളില്‍ നിന്ന് വിട്ടുനില്‍ക്കാനും നികുതി കൊടുക്കുന്നത് നിര്‍ത്തുന്നത് പോലുള്ള സമരപരിപാടികള്‍ ആരംഭിക്കാന്‍ ഇന്ത്യയിലെ പട്ടേല്‍ സമുദായത്തോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.2007 ലെ സെന്‍സസ് അനുസരിച്ച് അമേരിക്കയില്‍ ഏകദേശം 145,000 പട്ടേലുമാരുണ്ടെന്നാണ് കണക്ക്. ഇന്ത്യന്‍ അമേരിക്കന്‍ വംശജരില്‍ പ്രഥമ സ്ഥാനം പട്ടേലുമാര്‍ക്കാണ്.

പിന്നാക്ക വിഭാഗത്തില്‍(ഒ.ബി.സി പദവി) ഉള്‍പ്പെടുത്തി സംവരണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗുജറാത്തില്‍ പട്ടേല്‍ സമുദായം പ്രക്ഷോഭ പരിപാടികള്‍ ആരംഭിച്ചത്.  ഗുജറാത്തില്‍ ജനസംഖ്യയില്‍ 12 ശതമാനം വരുന്ന പട്ടേല്‍ സമുദായത്തെ പ്രതിനിധീകരിക്കുന്ന പട്ടീദാര്‍ ആരക്ഷന്‍ ആന്ദോളന്‍ സമിതി 10 ലക്ഷം പേരെ അണിനിരത്തി അഹമ്മദബാദില്‍ വമ്പന്‍ പ്രതിഷേധ യോഗം നടത്തിയിരുന്നു.  നിലവില്‍ 146 സമുദായങ്ങളാണ് ഒ.ബി.സി പട്ടികയിലുള്ളത്. 147 ാമത്തേതായി തങ്ങളേയും ചേര്‍ക്കണമെന്നാണ് അവരുടെ ആവശ്യം.