വ്യാജ ഏറ്റു മുട്ടല്‍ കേസില്‍ 6 സൈനികര്‍ക്ക് ജീവപര്യന്തം തടവ്

single-img
8 September 2015

the-indian-armyജമ്മു കാശ്മീര്‍: വ്യാജ ഏറ്റു മുട്ടല്‍ കേസില്‍ 6 സൈനികര്‍ക്ക് ജീവപര്യന്തം തടവ് .  2010 ല്‍ കാശ്മീരിലെ കുപ്‌വാര ജില്ലയിലെ മച്ചില്‍  നടന്ന വ്യാജ ഏറ്റുമുട്ടലില്‍ 3 കാശ്മീരി യുവാക്കള്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തെ കുറിച്ച് സൈന്യം അന്വേഷണം നടത്തിയതിന് ശേഷമാണ് കോര്‍ട്ട് മാര്‍ഷ്യലിലൂടെ സൈനികര്‍ക്ക് ശിക്ഷ വിധിച്ചത്. കേണല്‍ ദിനേശ് പത്താനിയ, ക്യാപ്ടന്‍ ഉപേന്ദ്ര, ഹവില്‍ദാര്‍ ദേവേന്ദ്രകുമാര്‍,ലാന്‍സ് നായിക് ലഖ്മി, ലാന്‍സ് നായ്ക് അരുണ്‍ കുമാര്‍, റൈഫില്‍ മാന്‍ അബ്ബാസ് ഹുസൈന്‍ എന്നിവര്‍ക്കാണ് സൈനിക കോടതി ജീവപര്യന്തം വിധിച്ചത്. കാശ്മീര്‍ താഴവരയിലെ മനുഷ്യാവകാശ ലംഘനത്തിന് ഇതാദ്യമായാണ് സൈനികര്‍ക്കെതിരെ വിധിയുണ്ടാകുന്നത്.

2010 ഏപ്രില്‍ 29ന്  വിദേശ ഭീകരര്‍ എന്നാരോപിച്ച് മൂന്ന് യുവാക്കളെ സൈനികര്‍ വധിച്ചത്. ബരാമുള്ള ജില്ലയിലെ നാദിഹാല്‍ റാഫിയ ബാദ് സ്വദേശികളായ റിയാസ് അഹമ്മദ്, മുഹമ്മദ് ഷാഫി, ഷെഹസാദ് അഹമ്മദാസ് എന്നിവരാണ് കൊല്ലപ്പെട്ടത്. യുവാക്കള്‍ തൊഴില്‍ തേടി കുപ്‌വാരയിലെത്തിയതാണെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.

വ്യാജ ഏറ്റുമുട്ടലിലെ കുറിച്ച് മേജര്‍ ജനറല്‍ ജി എസ് സംഗയുടെ നേതൃത്വത്തിലുള്ള ഉയര്‍ന്ന സൈനിക സംഘം അന്വേഷണം നടത്തി. സൈനികര്‍ കുറ്റവാളികളാണെന്ന് ബോധ്യപ്പെട്ടതോടെ കോര്‍ട്ട് മാര്‍ഷല്‍ നടപടിക്ക് അന്വേഷണ സംഘം ശുപാര്‍ശ ചെയ്യുകയായിരുന്നു.

മനുഷ്യാവകാശലംഘനത്തിന് സൈനികരെ ശിക്ഷിച്ചു കൊണ്ടുള്ള സൈന്യത്തിന്റെ ഭാഗത്ത് നിന്ന്
ഉണ്ടായ നടപടി സ്വാഗതാര്‍ഹമാണെന്ന് കൊല്ലപ്പെട്ടറിയാസിന്റെ പിതാവ് മുഹമ്മദ് യൂസഫ് പ്രതികരിച്ചു.