രാജ്യത്തിനുറങ്ങാന്‍ അതിര്‍ത്തിയില്‍ ഉറങ്ങാതെ കാവല്‍ നിന്ന ലാന്‍സ് നായിക് മോഹന്‍നാഥ് ഗോസ്വാമിക്ക് വീരചരമം

single-img
7 September 2015

Mohannath

രാജ്യത്തിനുറങ്ങാന്‍ അതിര്‍ത്തിയില്‍ ഉറങ്ങാതെ കാവല്‍ നിന്ന ലാന്‍സ് നായിക് മോഹന്‍നാഥ് ഗോസ്വാമിക്ക് വീരചരമം. പതിനൊന്നു ദിവസത്തിനുള്ളില്‍ പത്ത് തീവ്രവാദികളെ കൊലപ്പെടുത്തുകയും ഒരു തീവ്രവാദിയെ ജീവനോടെ പിടികൂടുകയും ചെയ്ത ശേഷമാണ് എന്‍കൗണ്ടര്‍ സ്‌പെഷലിസ്റ്റായ ലാന്‍സ് നായിക് മോഹന്‍നാഥ് ഗോസ്വാമി ജീവന്‍ വെടിഞ്ഞതെന്നു സൈനിക വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഹദ്‌വാരയില്‍വച്ച് വ്യാഴാഴ്ചയാണ് തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ മോഹന്‍നാഥ് കൊല്ലപ്പെട്ടത്.

പതിനൊന്ന് ദിവസത്തിനുള്ളില്‍ മൂന്ന് കമാന്‍ഡോ ഓപ്പറേഷനുകളിലൂടെ 10 തീവ്രവാദികളെയാണ് മോഹന്‍നാഥിന്റെ മനൃത്വത്തിലുള്ള സംഘം വകവരുത്തിയത്. ഒരു തീവ്രവാദിയെ ജീവനോടെ പിടികൂടാനും ഈ ഓപ്പറേഷനുകളില്‍ കഴിഞ്ഞതായി സൈനിക വക്താവ് അറിയിച്ചു. കാശ്മീരില്‍ തീവ്രവാദികള്‍ക്കെതിരേ നിരവധിതവണ സൈന്യം നടത്തിയ ആക്രമണ വിജയങ്ങളുടെ ചുക്കാന്‍ പിടിച്ചത് മോഹന്‍നഖാഥായിരുന്നു.

2002 മുതല്‍ പാര കമാന്‍ഡോ അംഗമായ മോഹന്‍നാഥ് തീവ്രവാദി ഓപ്പറേഷനുകളില്‍ ഇന്ത്യന്‍ സൈന്യത്തിനൊപ്പമുണ്ട്. മാസങ്ങളായി പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ തുടരുന്ന പ്രകോപനവും കൂട്ടത്തിലുള്ള തീവ്രവാദി ആക്രമണവും ഇന്ത്യ പ്രതിരോധിക്കുകയും ശക്തമായ ഭാഷയില്‍ തിരിച്ചടി നല്‍കുകയുമാണ്. ഇതിന്റെ ഭാഗമായി നുഴഞ്ഞുകയറ്റക്കാരായ തീവ്രവാദികളുടെ ആക്രമണത്തെ ചെറുക്കാന്‍ ഹദ്‌വാര, ഖുര്‍മുറില്‍ ഓഗസ്റ്റ് 23നാണ് മോഹന്‍നാഥിന്റെ നേതൃത്വത്തില്‍ ആദ്യ ഓപ്പറേഷന്‍ നടന്നത്.

പ്രസ്തുത ഓപ്പറേഷനില്‍ മൂന്നു പാക് ലഷ്‌കര്‍ ഇ- തോയ്ബ തീവ്രവാദികള്‍ അന്നു കൊല്ലപ്പെടുകയുണ്ടായി. തുടര്‍ന്ന് റഫിയാബാദില്‍ രണ്ടു ദിവസം നീണ്ട ഓപ്പറേഷനിലും മോഹന്‍നാഥ് നേതൃത്വം നല്‍കി. ഓഗസ്റ്റ് 26, 27 തീയതികളില്‍ നടന്ന ഓപ്പറേഷനില്‍ മൂന്നു തീവ്രവാദികള്‍ കൊല്ലപ്പെടുകയും ഒരാളെ ജീവനോടെ പിടികൂടുകയും ചെയ്തിരുന്നു.

കുപ്‌വാരയില്‍ നടന്ന തീവ്രവാദി ആക്രമണത്തിലാണു മോഹന്‍നാഥ് വീരചരമമടഞ്ഞത്. ബറേലിക്കാരനായ മോഹന്‍നാഥിന്റെ ഭൗതികശരീരം പൂര്‍ണ ബഹുമതികളോടെ സംസ്‌കരിക്കുമെന്നും സൈനിക വക്താവ് അറിയിച്ചു. ഇന്ദ്രാനഗര്‍ ഗ്രാമവാസിയാണ് മോഹന്‍നാഥ്. ഭാര്യയും ഏഴു വയസുള്ള മകളുമുണ്ട്.