മഹാരാഷ്ട്രയില്‍ കുടുംബം പോറ്റാന്‍ വഴിയില്ല; അഞ്ച് കുട്ടികളുടെ മാതാവ് തീ കൊളുത്തി ആത്മഹത്യ ചെയ്തു

single-img
7 September 2015

deadമുംബൈ: മഹാരാഷ്ട്രയില്‍ പട്ടിണിയിലായ അഞ്ച് മക്കളെ പോറ്റാന്‍ വഴിയില്ലാതെ കര്‍ഷക സ്ത്രീ തീ കൊളുത്തി ആത്മഹത്യ ചെയ്തു. മറാത്താവാഡയിലെ ഒസ്മാനാബാദ് ജില്ലയിലെ അംബിയിലാണ് സംഭവം. ജോലിയില്ലാതായതോടെ കുടുംബത്തെ പോറ്റാന്‍ വഴിയില്ലാതെ മനീഷാ ഗഡ്കല്‍ (40) എന്ന സ്ത്രീയാണ് ശനിയാഴ്ച ആത്മഹത്യ ചെയ്തത്. ജോലി തേടി ഭര്‍ത്താവ് ലക്ഷ്ണ്‍ പുറത്ത് പോയ സമയത്തായിരുന്നു വീട് പൂട്ടി മനീഷ ആത്മഹത്യ ചെയ്തത്.

പട്ടിണിയിലായ മക്കളെ പോറ്റാന്‍ വഴിയില്ലാത്തതിനാല്‍ മനീഷ വളരെ വിഷമത്തിലായിരുന്നുവെന്ന് ഭര്‍ത്താവ് പറഞ്ഞു. ജോലിയില്ലാത്തതിനാല്‍ കടം വാങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു ഇവരുടെ കുടുംബം. ഇവര്‍ക്ക് ഒരു മാസം കിട്ടിയിരുന്ന റേഷന്‍ ഏഴ് അംഗങ്ങളുള്ള കുടുംബത്തിന് രണ്ടാഴ്ചത്തേക്ക് പോലും തികയുമായിരുന്നില്ല.

കൃഷി നാശവും തൊഴിലില്ലായ്മയും മറാത്താവാഡ പ്രദേശത്ത് രൂക്ഷമാണ്. ഒസ്മാനാബാദ്, സോളാപുര്‍ ജില്ലകളില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ പോലും പണിയില്ലാത്ത അവസ്ഥയിലാണന്നാണ് നാട്ടുകാരുടെ പരാതി.

രാജ്യത്ത് വരള്‍ച്ചമൂലം ഏറ്റവും ദുരിതമനുഭവിക്കുന്ന പ്രദേശമാണ് മറാത്താവാഡ. 2014 ല്‍ 574 കര്‍ഷകരും ഈ വര്‍ഷം ഇതുവരെ 628 കര്‍ഷകരുമാണ് ഇവിടെ ആത്മഹത്യ ചെയ്തത്.