ആരോഗ്യത്തിന് ഹാനികരമായ അളവില്‍ മായം കണ്ടെത്തിയതിനെ തുടര്‍ന്ന് കേരളത്തിലെ പ്രമുഖ ഭക്ഷ്യോത്പന്ന ബ്രാന്‍ഡായ നിറപറയുടെ മഞ്ഞള്‍ പൊടി, മല്ലി പൊടി, മുളക് പൊടി എന്നീ ഉത്പന്നങ്ങള്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് നിരോധിച്ചു

single-img
5 September 2015

Nirapara_Sambar

ആരോഗ്യത്തിന് ഹാനികരമായ അളവില്‍ മായം കണ്ടെത്തിയതിനെ തുടര്‍ന്ന് കേരളത്തിലെ പ്രമുഖ ഭക്ഷ്യോത്പന്ന ബ്രാന്‍ഡായ നിറപറയുടെ മഞ്ഞള്‍ പൊടി, മല്ലി പൊടി, മുളക് പൊടി എന്നീ ഉത്പന്നങ്ങള്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് നിരോധിച്ചു. കമ്മീഷ്ണര്‍ ടി.വി. അനുപമ ഐഎഎസാണ് മാധ്യമങ്ങളോട് ഇക്കാര്യം വെളിപ്പെടുത്തിയത്.

ആരോഗ്യത്തിന് ഹാനികരമായ അളവില്‍ സ്റ്റാര്‍ച്ച് സാന്നിദ്ധ്യമാണ് നിറപറയുടെ ഉത്പന്നങ്ങളില്‍ കണ്ടെത്തിയത്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിയമ പ്രകാരം കറി പൗഡറുകളില്‍ സ്റ്റാര്‍ച്ച് സാന്നിദ്ധ്യം പൂജ്യം ശതമാനം ആയിരിക്കണമെന്ന നിയമം നിലനില്‍ക്കേ നിറപറയുടെ മൂന്ന് ഉത്പന്നങ്ങള്‍ നിരവധി തവണ പരിശോധിച്ചപ്പോഴും അതില്‍ 15 മുതല്‍ 70 ശതമാനം വരെയാണ് സ്റ്റാര്‍ച്ച് സാന്നിദ്ധ്യം കണ്ടെതെന്ന് അനുപമ പറഞ്ഞു. പരിശോധന കേരളത്തിലെ മൂന്നു ലാബുകളിലും സ്‌പൈസസ് ബോര്‍ഡിന്റെ ലാബുകളിലും ചെയ്തിരുന്നുവെന്നും രണ്ടിലും റിസള്‍ട്ട് ഒന്നുതന്നെയായിരുന്നുവെന്നും അനുപമ പറഞ്ഞു. ഇതേത്തുടര്‍ന്നാണ് കമ്പനിക്ക് ഉത്പന്നങ്ങള്‍ വിപണിയില്‍നിന്ന് തിരികെ വിളിക്കാനുള്ള നോട്ടീസ് നല്‍കുകയായിരുന്നു.

നിറപറ ഉത്പന്നങ്ങളില്‍ മുന്‍പും നിരവധി തവണ നിറപറ ഉത്പന്നങ്ങളില്‍ സ്റ്റാര്‍ച്ച് സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ടെന്നും 34 കേസുകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നിറപറയ്‌ക്കെതിരെ കോടതിയില്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ കോടതി ആറ് തവണ നിറപറയെ ശിക്ഷിച്ചപ്പോഴും പിഴ അടച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചതല്ലാതെ ഉത്പന്നത്തിലെ മായം നീക്കാനുള്ള നടപടി അവര്‍ കൈക്കൊണ്ടില്ല. ഇതില്‍ മൂന്നു തവണ അഞ്ച് ലക്ഷം രൂപ വീതവും, മൂന്ന് തവണ 25,000 രൂപ വീതവുമാണ് നിറപറ കമ്പനി പിഴയൊടുക്കിയത്.

സ്റ്റാര്‍ച്ചില്‍ തന്നെ എഡിബിള്‍ സ്റ്റാര്‍ച്ചും, നോണ്‍ എഡിബിള്‍ സ്റ്റാര്‍ച്ചുമുണ്ടെന്നും ഇതില്‍ ഏത് വിഭാഗത്തില്‍പ്പെട്ടവയാണ് നിറപറ ഉപയോഗിച്ചിരിക്കുന്നത് എന്ന് കൂടുതല്‍ പരിശോധനകള്‍ നടത്തിയാലെ കണ്ടെത്താന്‍ സാധിക്കുകയുള്ളുവെന്നും അനുപമ മാധ്യമങ്ങളെ അറിയിച്ചു. യാതൊരു കാരണവശാലും ഭക്ഷ്യോത്പന്നങ്ങളില്‍ സ്റ്റാര്‍ച്ച് കണ്ടന്റ് ഉണ്ടാകാന്‍ പാടില്ലെന്നിരിക്കെയാണ് ഒരു നിയന്ത്രണവുമില്ലാതെ നിറപറ ആരോഗ്യത്തിന് ഹാനികരമായ ഇവ ചേര്‍ത്തിരിക്കുന്നതെന്നാണ് അനുപമ പറയുന്നത്.

നോട്ടീസ് നല്‍കിയതനുസരിച്ച് വിപണിയില്‍നിന്ന് ഈ ഉത്പന്നങ്ങള്‍ തിരിച്ചുവിളിക്കാനുള്ള ഉത്തരവ് അനുസരിച്ചില്ലെങ്കില്‍ കമ്പനിക്കെതിരെ ക്രിമിനല്‍ നടപടിയുണ്ടാകുമെന്നും കമ്പനി സ്വയം ഉത്പന്നങ്ങള്‍ തിരിച്ചു വിളിച്ചില്ലെങ്കില്‍ വകുപ്പ് നേരിട്ട് വിപണിയില്‍നിന്ന് ഉത്പന്നങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിക്കുമെന്നും അനുപമ പറഞ്ഞു.