ലോംഗിവാല യുദ്ധം; പാകിസ്ഥാന്റെ അപ്രതീക്ഷിത അക്രമത്തെ നെഞ്ചുറപ്പ് കൊണ്ട് ഇന്ത്യയുടെ ധീര ജവാന്‍മാര്‍ ചെറുത്ത് തോല്‍പ്പിച്ച ചരിത്രപ്രധാനമായ നിമിഷം

single-img
5 September 2015

1-5_1435139453

വര്‍ഗ്ഗീയതയുടെ വിഷവിത്ത് ഇവിടെ പാകിയതിന് ശേഷമാണ് ബ്രിട്ടീഷുകാര്‍ 1947ല്‍ ഇന്ത്യ വിടുന്നത്. വാസ്തവത്തില്‍ അതിന്റെ അനന്തരഭലം നമ്മള്‍ ഇന്നും അനുഭവിക്കുകയാണ്. ഇന്ത്യപാക് വിഭജനത്തിന് ശേഷം കശ്മീര്‍ പ്രവിശ്യയ്ക്ക് വേണ്ടിയുള്ള ഇരുകൂട്ടരുടെയും തര്‍ക്കങ്ങള്‍ ഇന്നും തുടരുകയാണ്. ഇന്ത്യയുടെ തലഭാഗമായ ജമ്മുകശ്മീരിനെ പാകിസ്ഥാന് വിട്ടുകൊടുക്കാന്‍ ഇന്ത്യ ഒരിക്കലും തയ്യാറല്ല. കശ്മീരിനുവേണ്ടിയുള്ള പോര്‍ ഇരു രാജ്യങ്ങളും ആരംഭിച്ചിട്ട് ആറ് പതിറ്റാണ്ടിലേറെയായിരിക്കുന്നു. ഇന്‍ഡോപാക് യുദ്ധത്തില്‍ നാഴികകല്ലായി മാറിയ ഒന്നാണ് 1971 ലെലോംഗിവാല യുദ്ധം. പാകിസ്ഥാന്റെ അപ്രതീക്ഷിത അക്രമത്തെ നെഞ്ചുറപ്പ് കൊണ്ട് നമ്മുടെ ധീര ജവാന്‍മാര്‍ ചെറുത്ത് തോല്‍പിച്ച ചരിത്രപ്രധാനമായ നിമിഷം.

എന്നാല്‍ ലോംഗിവാല യുദ്ധം ഒരിക്കലും കശ്മീരുമായി ബന്ധപ്പെട്ടെകൊണ്ടല്ലായിരുന്നു. അന്നത്തെ കിഴക്കെ പാകിസ്ഥാനും (ഇന്നത്തെ ബംഗ്ലാദേശ്) പശ്ചിമ പാകിസ്ഥാനും തമ്മിലുള്ള രാഷ്ട്രീയ സ്പര്‍ദ്ധയുടെ ഭാഗമായാണ് ലോംഗിവാലയില്‍ യുദ്ധം നടക്കുന്നത്. പടിഞ്ഞാറന്‍ ഇന്ത്യ- പാക്ക് അതിര്‍ത്തിയിലെ രാജസ്ഥാനിലുള്ള ഒരു ചെറിയ ഗ്രാമമാണ് ലോംഗിവാല. 1971ല്‍ കിഴക്കെ പാകിസ്ഥാന്‍ പശ്ചിമ പാകിസ്ഥാനില്‍ നിന്നും മാറി സ്വയംഭരണത്തിനായി പോരാടുകയായിരുന്നു. അങ്ങനെ ഇരു പക്ഷക്കാരും തമ്മില്‍ തര്‍ക്കവും കലാപങ്ങളും വരെ സംഭവിച്ചു.

പൈശാചികമായ കലാപങ്ങളില്‍ പെട്ട് ദുരിതത്തിലായ 10 ലക്ഷത്തോളം കിഴക്കന്‍ പകിസ്ഥാന്‍ സ്വദേശികള്‍ക്ക് ഇന്ത്യ അഭയം കൊടുത്തു. ഇന്ത്യ സജീവമായിതന്നെ ഈ പ്രശ്‌നങ്ങളില്‍ ഇടപെടുകയും സ്വതന്ത്ര ബംഗ്ലാദേശിനുവേണ്ടി അവര്‍ക്കൊപ്പം നില്‍ക്കുകയും ചെയ്തു. പാകിസ്ഥാന് ഇന്ത്യയോടുള്ള വൈരാഗ്യം ഈ കരണങ്ങളാല്‍ മൂര്‍ച്ച വെക്കുകയായിരുന്നു. അന്നത്തെ പാക് പ്രസിഡന്റായിരുന്ന യഹിയ ഖാന്‍ രഹസ്യമായി ഇന്ത്യയോട് യുദ്ധം ചെയ്യുവാന്‍ പകിസ്ഥാന്‍ പട്ടാളത്തെ നിയോഗിച്ചു.

പ്രസ്തുത സംഭവങ്ങളുടെ പശ്ചാതലത്തിലാണ് 1971 ഡിസംബര്‍ 5ന് രാത്രി 2000ത്തോളം പട്ടാളക്കാരും 45യുദ്ധ ടാങ്കുകളുമായി പാക്കിസ്ഥാന്‍ സൈന്യം ലോംഗിവാലയിലേക്ക് ഇരമ്പികയറുന്നത്. അന്ന് ലോംഗിവാല ബോര്‍ഡര്‍ ക്യാമ്പില്‍ പട്രോളിങിലായിരുന്ന ലഫ്റ്റനന്റ് ധരം വീര്‍ ഭന്‍ ആയിരുന്നു പാകിസ്ഥാന്റെ നീക്കത്തെ തിരിച്ചറിഞ്ഞത്. ഉടന്‍ തന്നെ ലഫ്റ്റനന്റ് വീര്‍ അവരുടെ മേലധികാരിയായിരുന്ന മേജര്‍ കുല്‍ദീപ് സിങ് ചാന്ദ്പുരിക്ക് സന്ദേശം കൈമാറി. തുടര്‍ന്ന് മേജര്‍ കരസേന ഹെഡ് ഓഫീസില്‍ ബന്ധപ്പെട്ട് യുദ്ധം ചെറുക്കാനുള്ള സഹായം തേടുകയായിരുന്നു.

120 ഇന്ത്യന്‍ പട്ടാളക്കാര്‍ ആയിരുന്നു പാകിസ്ഥാന്റെ വന്‍പടയുമയിട്ട് പൊരുതിയത്. യുദ്ധത്തിന്റെ അവസാനം കരസേനയോടൊപ്പം വ്യോമ സേന കൂടി ചേര്‍ന്നതോടെ പാകിസ്ഥാന്‍ തിരിഞ്ഞോടുകയായിരുന്നു. 6 മണിക്കൂര്‍ നീണ്ടുനിന്ന ചെറുത്ത് നില്‍പ്പിന് ശേഷം കനത്ത നാശ നഷ്ടങ്ങളാണ് പാക് പടയ്ക്കുണ്ടായത്. പാക്കിസ്ഥാന്റെ 200ഓളം പട്ടാളക്കാര്‍ കൊല്ലപ്പെടുകയും 43 ടാങ്കുകള്‍ തകര്‍ക്കപ്പെടുകയും ചെയ്തതായി കരുതപ്പെടുന്നു. ഇന്ത്യന്‍ ഭാഗത്ത് നമ്മുടെ രണ്ട് ജവാന്‍മാരുടെ ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

ഇന്ത്യയുടെ യശസ്സ് പാകിസ്ഥനുമുന്നില്‍ ഉയര്‍ത്തിപിടിച്ച സംഭവമായി ലോംഗിവാല യുദ്ധം ഇന്നും തുടരുന്നു. ഇന്ത്യന്‍ കരസേനയുടെയും വ്യോമസേനയുടെയും കൂട്ടായ ചെറുത്തുനില്‍പ്പായിരുന്നു ലോംഗിവാല യുദ്ധത്തില്‍ പാക് പടയെ മുട്ടുകുത്തിച്ചത്.