രാജ്യത്തെ 69 എണ്ണപ്പാടങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് ലേലത്തില്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം

single-img
3 September 2015

BL17_03_ESSAR_632544f

രാജ്യത്തെ 69 ചെറുകിട എണ്ണപ്പാടങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് ലേലത്തില്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. പൊതുമേഖലാ എണ്ണക്കമ്പനിയായ ഒഎന്‍ജിസിയുടെ കീഴിലുള്ള എണ്ണപ്പാടങ്ങളാണ് സ്വകാര്യ മേഖലയ്ക്ക് വിട്ടുകൊടുക്കുന്നത്. എണ്ണ കമ്പനികള്‍ ലേലത്തിലൂടെ നല്‍കുന്നതില്‍ നിന്നും 70000 കോടി രൂപയുടെ വരുമാനം ലഭിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്ന് എണ്ണപ്രകൃതി വാതക വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അറിയിച്ചു.

സ്വകാര്യ കമ്പനികള്‍ക്ക് ലേലത്തിലൂടെ നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത് 70000 കോടിയിലധികം രൂപ മൂല്യമുള്ള പ്രകൃതി വാതക, എണ്ണ സമ്പത്തുള്ള എണ്ണപ്പാടങ്ങളാണ്. പൊതുമേഖലാ സ്ഥാപനങ്ങളായ ഒഎന്‍ജിസി, ഓയില്‍ ഇന്ത്യ എന്നിവയുടെ കീഴിലുള്ള എണ്ണപ്പാടങ്ങള്‍ ലാഭകരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വകാര്യമേഖലയ്ക്ക് വിട്ടുകൊടുക്കുന്നത്.
മൂന്ന് മാസത്തിനകം ലേല നടപടികള്‍ ആരംഭിക്കുവാനാണ് നീക്കം. പല കാരണങ്ങള്‍ കൊണ്ട് എണ്ണ പര്യവേക്ഷണം ലാഭകരമല്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്.

ലോകരാജ്യങ്ങളില്‍ എണ്ണ ഉപഭോഗത്തില്‍ ലോകത്ത് നാലാം സ്ഥാനത്താണ് ഇന്ത്യ. എന്നാല്‍ ആഭ്യന്തര എണ്ണയുത്പാദനം വളരെ ശുഷ്‌കവുമാണ്. രാജ്യത്ത് എണ്ണപ്പാടങ്ങള്‍ ഉണ്ടെങ്കിലും ഇവിടെ സര്‍ക്കാര്‍ മുന്‍കൈയെടുത്ത് റിഫൈനറികള്‍ തുടങ്ങുക ലാഭകരമല്ലെന്നും എണ്ണ പര്യവേക്ഷണം കാര്യക്ഷമമാകണമെങ്കില്‍ സ്വകാര്യവിദേശ കമ്പനികളുടെ പങ്കാളിത്തം അനിവാര്യമാണെന്നും സര്‍ക്കാര്‍ പറയുന്നു.