മലയാളികള്‍ ഉപേക്ഷിച്ച കേരളത്തിലെ വയലുകളില്‍ ബംഗാളികള്‍ പൊന്ന് വിളയിക്കുന്നു

single-img
1 September 2015

Bengalis

വയല്‍ കേരളത്തിന്റെതാണെങ്കിലും വയലില്‍ മുഴങ്ങുന്നത് ബംഗാളി ഞാറ്റുപാട്ടുകളാണ്. ഉത്തര കേരളത്തിലെ കൃഷിയിടങ്ങളിലാണ് ബംഗാളികള്‍ കാര്‍ഷിക ജോലികള്‍ക്ക് എത്തുന്നത്. മലയാളി കര്‍ഷക ജോലിക്കാരുടെ അഭാവം മൂലമാണ് കൃഷിയുടമകള്‍ ബംഗാളികളെ ആശ്രയിച്ചതെങ്കിലും അത് ലാഭകരമാണെന്ന് മനസ്സിലാക്കിയതോടെ ഈ രംഗത്ത് ബംഗാളികള്‍ക്ക് ചുവടുറപ്പിക്കാന്‍ അവസരം ലഭിക്കുകയായിരുന്നു.

കെട്ടിടനിര്‍മാണ മേഖലയിലെ തൊഴില്‍ നേരത്തെ കയ്യടക്കിയ അവര്‍ ഇപ്പോള്‍ കാര്‍ഷിക മേഖലയിലും സജീവമായി. ഞാറ് നടാനും മറ്റ് ജോലികളുമുള്‍പ്പെടെ കൊയ്ത്ത് യന്ത്രം ഉപയോഗിച്ച് നെല്ല് കൊയ്യാന്‍ വരെ ഇപ്പോള്‍ ബംഗാളികളെയാണ് കൃഷിയുടമകള്‍ ആശ്രയിക്കുന്നത്. മലയാളികളായ കര്‍ഷകത്തൊഴിലാളികള്‍ പാടങ്ങളെ കൈവിട്ടപ്പോള്‍ അന്യസംസ്ഥാനത്തൊഴിലാളികള്‍ അവിടെ പൊന്നു വിളയിക്കുന്നു.

ഓണം കഴിഞ്ഞ് കേരളത്തിലെ പാടങ്ങളില്‍ പുതിയ കൃഷിക്കുള്ള പണികള്‍ ആരംഭിച്ചതോടെ ബംഗാളികള്‍ക്ക് തിരക്കായിത്തുടങ്ങി. ട്രാക്ടറുകള്‍ ഉഴുതു മറിച്ച് കൃഷിക്ക് അനുയോജ്യമാക്കിയ പാടങ്ങളില്‍ ഇനി നടീല്‍ ജോലികളുടെ തിരക്കാണ്. അന്യസംസ്ഥാന തൊഴിലാളികള്‍ നിര്‍മ്മാണ മേഖല കഴിഞ്ഞാല്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ജോലിചെയ്യുന്നതും ഈ മേഖലയില്‍ തന്നെ.

അന്യസംസ്ഥാനത്തൊഴിലാളികള്‍ക്ക് കരാര്‍ രീതിയാണ്. കര്‍ഷകര്‍ക്കും അതുതന്നെയാണ് ഇപ്പോള്‍ താത്പര്യം. മുമ്പ് മലയാളികളായ തൊഴിലാളികളും പിന്നീട് തമിഴ്്‌നാട്ടില്‍ നിന്നെത്തിയ തൊഴിലാളികളും ദിവസക്കൂലിക്കാണ് കാര്‍ഷിക ജോലി ചെയ്തിരുന്നത്. പക്ഷേ ബംഗാളികള്‍ ജോലി നിശ്ചിത തുകയ്ക്ക് കരാറെടുക്കുകയാണ് ചെയ്യുന്നത്. ഒരേക്കറിന് 3500 രൂപയാണ് നടീല്‍ കൂലിയായി ബംഗാളികള്‍ ഈടാക്കുന്നത്.

കരാര്‍ ജോലിയാണ് ലാഭകരമെന്ന് കൃഷിയുടമകളും പറയുന്നു. ജോലിക്കാര്‍ക്ക് ദിവസക്കൂലിയാണെങ്കില്‍ ഏക്കറിന് അയ്യായിരത്തിലേറെ കൂലി വരുന്ന സ്ഥാനത്ത് 1500 രൂപയോളം ലാഭം കിട്ടുകയും ചെയ്യും. കരാറാകുമ്പോള്‍ ഭക്ഷണമുള്‍പ്പെടെയുള്ള മറ്റു ചെലവുകളൊന്നും കൃഷിയുടമ വഹിക്കേണ്ട്. കരാറെടുക്കുന്നവര്‍ രാവിലെ ഏഴു മണിക്ക് പാടത്തെത്തുകയും അതിവേഗം ജോലി തീര്‍ക്കുകയും ചെയ്യും.

കാര്‍ഷിക ജോലിയ്ക്കിറങ്ങുന്ന ബംഗാളികള്‍ മിക്കവരും ബംഗാളിലെ കാര്‍ഷിക മേഖലകളില്‍ നിന്നു വരുന്നവരാണ്. അതുകൊണ്ടുതന്നെ അവരുടെ ജോലിയും മികച്ചതാണെന്ന് കൃഷിയുടമകള്‍ പറയുന്നു. കാര്‍ഷിക ജോലികള്‍ക്ക് തിരക്കേറിയതോടെ ഈ ജോലികള്‍ക്കായി ബംഗാളില്‍ നിന്നും ചെറിയ അവധിക്ക് മറ്റ് കര്‍ഷകരും മകരളത്തിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്.