പാഠപുസ്തകങ്ങളുടെ രണ്ടാംഘട്ട അച്ചടി വൈകുന്നതിനെ തുടര്‍ന്ന് ഓണപരീക്ഷയ്ക്ക് പിന്നാലെ ക്രിസ്മസ് പരീക്ഷയും വൈകും

single-img
1 September 2015

Abdurub

പാഠപുസ്തകങ്ങളുടെ രണ്ടാംഘട്ട അച്ചടി വൈകുന്നതിനെ തുടര്‍ന്ന് ഓണപരീക്ഷയ്ക്ക് പിന്നാലെ ക്രിസ്മസ് പരീക്ഷയും വൈകുമെന്ന കാര്യം തീര്‍ച്ചയായി. ഓക്ടോബര്‍ 27 നുള്ളില്‍ മാത്രമേ അച്ചടി പൂര്‍ത്തിയാക്കി പുസ്തകങ്ങള്‍ ജില്ലാ കേന്ദ്രങ്ങളില്‍ എത്തിക്കാന്‍ കഴിയുമെന്നറിയിച്ച് കെബിപിഎസ് സര്‍ക്കാരിന് കത്ത് നല്‍കിയിരിക്കുകയാണ്. സെപ്തംബര്‍ 20ന് മുമ്പ് പാഠപുസ്തക അച്ചടി തീര്‍ക്കണമെന്നായിരുന്നു സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്.

1.25 കോടി പുസ്തകങ്ങളാണ് രണ്ടാം ഘട്ടത്തില്‍ വിതരണം ചെയ്യേണ്ടത്. പക്ഷേ 20 ലക്ഷത്തില്‍ താഴെ പുസ്തകങ്ങള്‍ മാത്രമേ കെബിപിഎസില്‍ അച്ചടിച്ചിട്ടുള്ളു. മാത്രമല്ല പുസ്തകത്തിന്റെ തപാല്‍വഴിയുള്ള എത്തിച്ചേരലിന് മൂന്നാഴ്ച കൂടി വേണ്ടി വരുമെന്നുള്ളതിനാല്‍ ഡിസംബര്‍ മാസം അവസാനത്തോടെ മാത്രമേ സ്‌കൂളുകളില്‍ പുസ്തക വിതരണം പൂര്‍ത്തിയാകുകയുള്ളുവെന്നാണ് കണക്ക് കൂട്ടുന്നത്.

ഇക്കാരണത്താല്‍ ക്രിസ്മസ് പരീക്ഷ വൈകുന്നതിനു പുറമേ അടുത്ത അദ്ധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തക അച്ചടിയെയും സാരമായി ബാധിക്കുമെന്നുള്ള കാര്യവും ഉറപ്പാണ്. 9, 10 ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ അടുത്ത വര്‍ഷം മാറുകയാണെന്നുള്ളതും പ്രതിസന്ധി രൂക്ഷമാക്കും. ഇതേസമയം പാഠപുസ്തക അച്ചടയുടെ രണ്ടാഘട്ടവും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് സര്‍ക്കാരിന്റെ വീഴ്ചയാണെന്ന് വിഡി സതീശന്‍ എംഎല്‍എ പ്രസ്താവിച്ചു. കെബിപിഎസിന് ഒരു സ്ഥിരം എംഡിയെ പോലും നിയമിക്കാന്‍ സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും സതീശന്‍ കുറ്റപ്പെടുത്തി.