ഫോര്‍ട്ട് കൊച്ചിയില്‍ അപകടത്തില്‍പ്പെട്ട് മുങ്ങിത്താണ ബോട്ടില്‍ നിന്നും മൂന്നുപേരെ രക്ഷിച്ച ശേഷം സുധീര്‍ മരണത്തിന് പിടികൊടുത്തു

single-img
27 August 2015

accident-boat

ഫോര്‍ട്ട് കൊച്ചിയില്‍ യാത്രാ ബോട്ട് മുങ്ങിയതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയ ഒരാള്‍ കുഴഞ്ഞു വീണ് മരിച്ചു. മൂന്ന് പേരുടെ ജീവന്‍ രക്ഷിച്ച മട്ടാഞ്ചേരി സ്വദേശി സുധീര്‍ ആണ് മരണത്തിന് കീഴടങ്ങിയത്.

അപകടത്തില്‍ 6 പേര്‍ മരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു. ഫോര്‍ട് കൊച്ചിയില്‍ നിന്ന് വൈപ്പിനിലേക്ക് പോവുകയായിരുന്ന യാത്രാ ബോട്ടില്‍ ഉച്ചയ്ക്ക് 1.45ഓടെയാണ് അപകടം ഉണ്ടായത്. മത്സ്യബന്ധനബോട്ട് ഇടിച്ചതിനെ തുടര്‍ന്ന് രണ്ടായി പിളര്‍ന്ന ബോട്ട് പൂര്‍ണമായും മുങ്ങി . കപ്പല്‍ ചാലിനോട് ചേര്‍ന്ന് കമാലക്കടവിലായിരുന്നു അപകടം.

ആഴവും അടിയൊഴുക്കും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി. ബോട്ടില്‍ വേണ്ടത്ര ലൈഫ് ജാക്കറ്റുകളില്ലായിരുന്നു. മുങ്ങിയ ബോട്ട് മണിക്കൂറുകള്‍ കഴിഞ്ഞാണ് പൊക്കിയെടുക്കാനായത്.
മത്സ്യബന്ധന ബോട്ടിലെ ഡീസല്‍ ടാങ്ക് ഇടിയില്‍ തകര്‍ന്ന് ഡീസല്‍ വെളളത്തില്‍ കലര്‍ന്നു. വെളളത്തില്‍ വീണവരുടെ ശ്വാസകോശത്തില്‍ ഡീസല്‍ വെളളം കയറിയിരുന്നു. ഇത് കെമിക്കല്‍ ന്യുമോണിയ എന്ന അവസ്ഥയിലേയ്ക്ക് അപകടത്തിപ്പെട്ടവരെ എത്തിച്ചിരുന്നു.