കോള്‍മുറിയല്‍ പ്രശ്‌നം പരിഹരിക്കാന്‍ ശക്തമായ നടപടികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു

single-img
26 August 2015

social-media-mobile-ads-gravity4ന്യൂഡല്‍ഹി: കോള്‍മുറിയല്‍ (കോള്‍ഡ്രോപ്) പ്രശ്‌നം പരിഹരിക്കാന്‍ ശക്തമായ നടപടികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. കൂടുതല്‍ മെബൈല്‍ ടവറുകള്‍ സ്ഥാപിക്കാനുള്ള സാഹചര്യം ഒരുക്കുമെന്ന് കേന്ദ്ര ടെലികോം വകുപ്പുമന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചു. മൊബൈല്‍ ഉപയോക്താക്കള്‍ക്ക് തലവേദനയായി മാറിയ കോള്‍മുറിയല്‍ പരിഹരിക്കാത്ത സേവനദാതാക്കള്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോള്‍മുറിയലിനു പിന്നില്‍ സേവനദാതാക്കളുടെ സാമ്പത്തിക താത്പര്യമാണെന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്. ഒരു കോള്‍ മുറിയുമ്പോള്‍ ഉപയോക്താവ് വീണ്ടും വിളിക്കാന്‍ നിര്‍ബന്ധിതനാകും. ഇങ്ങനെ കൂടുതല്‍ കോളുകളുടെ തുക ഉപയോക്താക്കള്‍ ചെലിടേണ്ടിവരുന്ന സാഹചര്യം ഉണ്ടാകും.

ഫോണ്‍വിളി തടസ്സപ്പെടാതിരിക്കാന്‍ സേവന ദാതാക്കള്‍ അവരുടെ നിലവിലുള്ള സാങ്കേതികസംവിധാനവും ശേഷിയും കാര്യക്ഷമമായി ഉപയോഗിക്കണം. പ്രശ്‌നം ഉടന്‍ പരിഹരിക്കാനും രവിശങ്കര്‍പ്രസാദ് വകുപ്പു ദ്യോഗസ്ഥര്‍ക്ക് നിര്‍ദേശവും നല്‍കി. കൃത്രിമം കണ്ടെത്തിയാല്‍ സേവനദാതാക്കള്‍ക്കെതിരെ നടപടിയെടുക്കും. ഇക്കാര്യത്തില്‍ സേവനദാതാക്കളുടെ വിശദീകരണം ആരാഞ്ഞിട്ടുണ്ടെന്ന് ട്രായ് ചെയര്‍മാന്‍ വ്യക്തമാക്കി.

സാമ്പത്തികലാഭത്തിനായി ബോധപൂര്‍വം കോള്‍ മുറിക്കുകയാണെന്ന ആരോപണം സേവനദാതാക്കള്‍ നിഷേധിച്ചു.
ശേഷിയിലധികം കണക്ഷനുകള്‍ നല്‍കുന്നതാണ് കോള്‍മുറിയലിന് കാരണമാകുന്നതെന്നും ആരോപണമുണ്ട്. എന്നാല്‍ മൊബൈല്‍ ടവറുകള്‍ ആവശ്യത്തിനില്ലാത്തതും കൂടുതല്‍ സ്‌പെക്ട്രം അനുവദിക്കാത്തതുമാണ് പ്രശ്‌നമെന്ന് സേവനദാതാക്കള്‍ പറയുന്നു.

കൂടുതല്‍ മൊബൈല്‍ടവറുകള്‍ സ്ഥാപിക്കുന്നതിന് അനുകൂലമായ നയം ഉടന്‍ രൂപവത്കരിക്കുമെന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ടവറുകള്‍ സ്ഥാപിക്കുന്നതിന് പ്രാദേശികമായി എതിര്‍പ്പുണ്ടാകുന്നുണ്ട്. സ്വകാര്യ വ്യക്തികളുടെ സ്ഥലം ലഭ്യമല്ലെങ്കില്‍ സര്‍ക്കാര്‍കെട്ടിടങ്ങള്‍ക്കു മുകളില്‍ ടവറുകള്‍ സ്ഥാപിക്കാം. ജനങ്ങളുടെ എതിര്‍പ്പുമൂലം രാജ്യത്തെ പ്രധാന നഗരങ്ങളില്‍ മാത്രമായ പതിനായിരത്തോളം മൊബൈല്‍ ടവറുകള്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയാണ്.