ഡല്‍ഹി മെട്രോയില്‍ മദ്യപിച്ച് പാമ്പായി യാത്ര ചെയ്ത പൊലീസുകാരന്‍ മലയാളി

single-img
25 August 2015

delhi-policeന്യൂഡല്‍ഹി: ഡ്യൂട്ടി സമയത്ത് മദ്യപിച്ച് പാമ്പായി ഡല്‍ഹി മെട്രോയില്‍ യാത്ര ചെയ്ത പൊലീസുകാരന്‍ മലയാളി. ഡല്‍ഹി പൊലീസിലെ ഹെഡ്‌കോണ്‍സ്റ്റബിളായ പി.കെ.സലിമിനെ കമ്മീഷണര്‍ ബി.എസ്.ബസി സസ്‌പെന്‍ഡ് ചെയ്തു. മദ്യപിച്ച് മെട്രോയില്‍ കയറിയ പൊലീസുകാരന്റെ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെയാണ് അധികൃതര്‍ നടപടിയെടുത്തത്.

ഇത്തരം സംഭവങ്ങള്‍ അംഗീകരിക്കില്ല. പൊലീസുകാരെ യൂണിഫോമില്‍ മദ്യപിച്ചു കാണരുത്. ജോലിയില്‍ അല്ലാത്ത സമയത്തും ഇത്തരത്തില്‍ മോശം അവസ്ഥയില്‍ കാണരുതെന്നും കമ്മീഷണര്‍ ബസി വ്യക്തമാക്കി.

അമിതമായി മദ്യപിച്ച് മെട്രോയില്‍ കയറിയ പൊലീസുകാരന്‍ പുറത്തേക്കുള്ള തന്റെ വഴിതിരയുകയും ഒടുവില്‍ നിലതെറ്റി താഴെ വീഴുന്നതുമാണ് 36 സെക്കന്‍ഡ് വിഡിയോയിലുള്ള ദൃശ്യങ്ങള്‍. താഴെ വീഴുന്ന പൊലീസുകാരനെ സഹയാത്രികള്‍ എഴുനേല്‍പ്പിക്കുന്നതും വിഡിയോയില്‍ കാണാം.

മറ്റുള്ള യാത്രക്കാര്‍ക്കു ശല്യമാകുമെന്നതിനാല്‍ മദ്യപിച്ച ആളുകളെ ഡല്‍ഹി മെട്രോയില്‍ കയറ്റാറില്ല. മദ്യലഹരിയിലുള്ള പൊലീസുകാരനെ യാത്ര ചെയ്യാന്‍ അനുവദിച്ചതില്‍ മെട്രോ അധികൃതര്‍ക്കെതിരെയും രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.