കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ ഓണം ആഘോഷിക്കുന്നതിനിടെ അത്യാഹിത വിഭാഗത്തില്‍ രോഗി ചികിത്സ കിട്ടാതെ മരിച്ചു

single-img
25 August 2015

Medical tools and doctor's lab coat as a backgroundകോഴഞ്ചേരി: ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ ഓണാഘോഷിക്കുന്നതിനിടെ അത്യാഹിത വിഭാഗത്തിലെത്തിയ രോഗി ചികിത്സ ലഭിക്കാതെ മരിച്ചെന്ന് ആക്ഷേപം. തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെ ജില്ലാ ആശുപത്രിയിലാണ് സംഭവം. ഇടപ്പാവൂര്‍ അനുഭവന്‍ മങ്ങാട്ടില്‍ മനോജ് (32) ആണ് മരിച്ചത്. തടിപ്പണിക്കാരനായ മനോജ് ചുമ ബാധിച്ച് ചികിത്സയിലായിരുന്നു. ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

എന്നാല്‍, അത്യാഹിത വിഭാഗത്തില്‍ ഉണ്ടാകേണ്ട രണ്ട് ഡോക്ടര്‍മാരും അവിടെ ഉണ്ടായിരുന്നില്ല. ആശുപത്രിയുടെ ഓണാഘോഷം നടക്കുകയാണെന്നും എല്ലാവരും അവിടെയാണെന്നും അതിനുമുമ്പ് ചികിത്സ തേടിയെത്തിയയാള്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന് ആഘോഷം നടക്കുന്ന സ്ഥലത്ത് ചെന്ന് വിവരം പറഞ്ഞെങ്കിലും ഡോക്ടര്‍മാര്‍ നിഷേധനിലപാടാണ് സ്വീകരിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

രോഗം മൂര്‍ച്ഛിച്ച് മനോജ് ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ മരണമടഞ്ഞു. ഇതിനു തൊട്ടുപിന്നാലെ ആശുപത്രിയിലെത്തിയ മുന്‍ എം.എല്‍.എ. കെ.സികള്‍.രാജഗോപാല്‍ ആശുപത്രി അധികൃതരുടെ നിസ്സംഗതയാണ് മരണത്തിന് കാരണമെന്നാരോപിച്ച് ആശുപത്രിക്കു മുമ്പില്‍ ധര്‍ണ ആരംഭിച്ചു.

സി.പി.എം. ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ പിന്നീട് ആശുപത്രി ജീവനക്കാരെ തടഞ്ഞുവച്ചു. രോഗിക്ക് ചികിത്സ നിഷേധിച്ച് മരണത്തിന് ഇടയാക്കിയ ഡ്യൂട്ടി ഡോക്ടര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടു.
എന്നാല്‍, രോഗിക്ക് ചികിത്സ നിഷേധിച്ചിട്ടില്ലെന്നും പരിശോധന നടത്തി ഇ.സി.ജി. എടുത്ത ശേഷമാണ് മരണം സംഭവിച്ചതെന്നും ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു.

അസി. കളക്ടര്‍ സമരക്കാരുമായി ചര്‍ച്ച നടത്തി. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ തീരുമാനമായി.