ജോലി തട്ടിപ്പില്‍ കുടുങ്ങി അല്‍ഐനില്‍ വീട്ടുതടങ്കലിലായിരുന്ന ഇന്ത്യക്കാരിയെ സോഷ്യല്‍ മീഡിയയിലൂടെ തനിക്കു ലഭിച്ച ഒരു മെസേജിനെ തുടര്‍ന്ന് സുഷമ സ്വരാജ് ഇടപെട്ടു രക്ഷപ്പെടുത്തി

single-img
24 August 2015

Sushma Swaraj

ജോലി തട്ടിപ്പില്‍ കുടുങ്ങി അല്‍ഐനില്‍ വീട്ടുതടങ്കലിലായിരുന്ന ഇന്ത്യക്കാരിയെ സോഷ്യല്‍ മീഡിയയിലൂടെ തനിക്കു ലഭിച്ച ഒരു മെസേജിനെ തുടര്‍ന്ന് സുഷമ സ്വരാജ് ഇടപെട്ടു രക്ഷപ്പെടുത്തി. മുംബൈ സ്വദേശിയായ യുവതിയുടെ സഹോദരന്‍ ട്വിറ്ററിലൂടെ മന്ത്രിയെ വിവരമറിയി തുടര്‍ന്നാണ് അല്‍ഐന്‍ പൊലീസിന്റെ സഹായത്തോടെ മണിക്കൂറുകള്‍ക്കകം യുവതിയെ രക്ഷപ്പെടുത്തിയത്.

ഈ മാസം 16നു ദുബായിലെ റസ്റ്ററന്റില്‍ അസിസ്റ്റന്റ് മാനേജരായി ജോലി വാഗ്ദാനം ചെയ്താണ് മുപ്പത്തിനാലുകാരിയായ യുവതിയെ യുഎഇയില്‍ എത്തിച്ചത്. മലയാളി യുവതി മുഖേന അജ്മാനിലെ ഒരു ലേബര്‍ സപ്ലൈ കമ്പനിയില്‍ എത്തിയ ഇവരെ പിന്നീട് അല്‍ഐനിലെ മറ്റൊരു കമ്പനിക്കു കൈമാറുകയായിരുന്നെന്നു സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു. ബേബിസിറ്ററുടെ വീസയാണ് ഇവര്‍ക്കു നല്‍കിയിരിക്കുന്നതെങ്കിലും വീട്ടുജോലി ചെയ്യാന്‍ നിര്‍ബന്ധിച്ചതോടെ യുവതി എതിര്‍ത്തു. ഇതോടെ മറ്റു യുവതികള്‍ക്കൊപ്പം ദിവസങ്ങളോളം ഇവരെ മുറിയില്‍ പൂട്ടിയിടുകയും ദേഹോദ്രവം ഏല്‍പ്പിക്കുകയുമായിരുന്നു.

ഒടുവില്‍ ഖത്തറിലുള്ള സഹോദരനെ മൊബൈല്‍ വൈഫൈയുമായി കണക്ട് ചെയ്ത് വാട്‌സ്ആപ്പിലൂടെ യുവതി വിവരം അറിയിച്ചതിനെ തുടര്‍ന്ന് സഹോദരന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ സമഹാദരിയുടെ രക്ഷയഭ്യര്‍ത്ഥിച്ച് പോസ്റ്റിട്ടു. ഇതു ശ്രദ്ധയില്‍പ്പെട്ട മന്ത്രി ഇന്ത്യന്‍ സ്ഥാനപതി ടി.പി സീതാറാമിനെ ബന്ധപ്പെടുകയും ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കുകയുമായിരുന്നു.

അല്‍ഐനിലെ ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് ജോയ് തണങ്ങാടന്‍ സ്ഥാനപതിയുടെ നിര്‍ദേശപ്രകാരം സിഐഡി വിഭാഗത്തില്‍ പരാതിപ്പെട്ടുകൊണ്ട് നീക്കങ്ങള്‍ വേഗത്തിലാക്കി. യുവതിയുടെ സഹോദരനെ ബന്ധപ്പെട്ടു വീസയുടെയും പാസ്‌പോര്‍ട്ടിന്റെയും പകര്‍പ്പ് സംഘടിപ്പിക്കുകയും യുവതി വാട്‌സ്ആപ്പില്‍ നല്‍കിയ വിവരമനുസരിച്ച് മണിക്കൂറുകള്‍ക്കകം താമസ സ്ഥലം കണ്ടുപിടിക്കുകയും ചെയ്തു. ഇതിനിടെ സ്‌പോണ്‍സറെ പൊലീസില്‍ വിളിച്ചുവരുത്തി യുവതിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടപ്പോള്‍ സ്ഥലം റെയ്ഡ് ചെയ്യാനുള്ള ഒരുക്കങ്ങള്‍ പൊലീസും നടത്തി.മറ്റു സ്ത്രീകളോടൊപ്പം ഒമാനിലേക്ക് കടത്താന്‍ മറ്റൊരു വാഹനത്തില്‍ കയറ്റുന്നതിനിടെ യുവതി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചതും പൊലീസ് എത്തിയതും ഒരേസമയത്തായിരുന്നു.

ക്ഷ്രപ്പെടുത്തിയ യുവതി അവശനിയിലായിരുന്നു. യുവതിയെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് എംബസിയുടെ നിര്‍ദേശ പ്രകാരം നടപടികള്‍ പൂര്‍ത്തിയാക്കുകയായിരുന്നു. ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് കീഴിലുള്ള അഭയകേന്ദ്രത്തില്‍ കഴിയുന്ന യുവതി വീസ റദ്ദാക്കല്‍ നടപടി പൂത്തിയാക്കിയ ശേഷം നാലു ദിവസത്തിനകം നാട്ടിലെത്തും. തടവിലായ മറ്റൊരു ഇന്ത്യക്കാരിയുടെ വിവരവും ഇവര്‍ അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ട്. യുവതിയെ രക്ഷിക്കാന്‍ സഹായിച്ച അല്‍ഐന്‍ പൊലീസിനെയും ഇന്ത്യന്‍ സോഷ്യല്‍ സെന്ററിനെയും സ്ഥാനപതി ടി. പി. സീതാറാം അഭിനന്ദിച്ചു.