ജനസംഖ്യയില്‍ 70 ശതമാനവും കര്‍ഷകര്‍; മെയ്ക്ക് ഇന്‍ ഇന്ത്യയേക്കാള്‍ കര്‍ഷകരെ രക്ഷിക്കാനുള്ള ക്യാംപെയിന്‍ നടത്തണം- എച്ച്ഡി ദേവഗൗഡ

single-img
24 August 2015

devaബെഗളൂരു: മെയ്ക്ക് ഇന്‍ ഇന്ത്യയ്ക്ക് പകരം കര്‍ഷകരെ രക്ഷിക്കാനുള്ള ക്യാംപെയിനാണ് കേന്ദ്രസര്‍ക്കാര്‍ നടത്തേണ്ടതെന്ന് മുന്‍ പ്രധാനമന്ത്രിയും ജനതാദള്‍(സെക്യുലര്‍) നേതാവുമായ എച്ച്ഡി ദേവഗൗഡ. രാജ്യത്ത് കര്‍ഷക ആത്മഹത്യകള്‍ വര്‍ധിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിനേയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും വിമര്‍ശിച്ച് എച്ച്ഡി ദേവഗൗഡ രംഗത്ത് വന്നത്.

കടംപെരുകുന്നതിനാലും കാലം തെറ്റി പെയ്ത മഴയില്‍ വിളകള്‍ നശിച്ചതിനാലും രാജ്യത്തെ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നത് വര്‍ധിക്കുകയാണ്. രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയുടെ നട്ടെല്ലാണ് കര്‍ഷകര്‍. മൊത്തം ജനസംഖ്യയില്‍ 70 ശതമാനവും കര്‍ഷകരാണെന്ന് ഓര്‍ക്കണം. അവരെ രക്ഷിക്കാനുള്ള നയങ്ങളാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകേണ്ടതെന്നും ദേവഗൗഡ പറഞ്ഞു.

മോഡിയുടെ നയങ്ങളില്‍ താന്‍ അതൃപ്തനാണ്. ‘മോഡിയെ നേരിട്ട് കണ്ട് കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ബോധിപ്പിച്ചിരുന്നു. എന്നാല്‍ കാര്‍ഷിക മേഖലയിലെ സര്‍ക്കാര്‍ നയങ്ങളില്‍ മാറ്റമൊന്നുമുണ്ടായില്ല. തെറ്റായ നയങ്ങള്‍ തിരുത്തിയില്ലെങ്കില്‍ അത് വലിയ പ്രതിസന്ധിയിലേക്ക് നയിക്കും. മെയ്ക്ക് ഇന്‍ ഇന്ത്യയേക്കാള്‍ കര്‍ഷകരെ രക്ഷിക്കാനുള്ള ക്യാംപെയിന്‍ നടത്തണം’- ദേവഗൗഡ കൂട്ടിചേര്‍ത്തു.