ഭക്ഷ്യവസ്തുക്കള്‍ നിര്‍മ്മിച്ച് വിതരണം ചെയ്യുന്നതിനുളള കരാറില്‍ രാംദേവിന്റെ കമ്പനിയുമായി പ്രതിരോധ ഗവേഷണ കേന്ദ്രം ഒപ്പുവച്ചു

single-img
24 August 2015

ramdev-ap.jpg.crop_display_1.jpg.crop_displayഇന്ത്യയിലും വിദേശ രാജ്യങ്ങളിലും ഔഷധങ്ങളും ഭക്ഷ്യവസ്തുക്കളും നിര്‍മ്മിച്ച് വിതരണം ചെയ്യുന്നതിനുളള കരാറില്‍ വിവാദ യോഗ ഗുരു രാംദേവിന്റെ നേതൃത്വത്തിലുളള പതഞ്ജലി ഗ്രൂപ്പും രാജ്യത്തെ പ്രതിരോധ ഗവേഷണ കേന്ദ്രവും (ഡിആര്‍ഡിഒ) ഒപ്പുവച്ചു. സെബാക്കതോണ്‍ ടെക്‌നോളജി അടിസ്ഥാനമാക്കിയുളള ഉത്പന്നങ്ങളുടെ നിര്‍മ്മാണത്തിനും വിതരണത്തിനുമായി ഡിഫന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ ആള്‍റ്റിറ്റിയൂഡ് റിസര്‍ച്ചുമായുളള കരാറാണ് ആദ്യഘട്ടമെന്ന നിലയില്‍ ഒപ്പുവച്ചത്.

ഇന്ത്യയുടെ തന്ത്രപ്രധാനമേഖലയായ സിയാച്ചിനിലും പരിസരപ്രദേശങ്ങളിലേക്കും വേണ്ട മേന്മയുളള ഭക്ഷ്യവസ്തുക്കളുടെയും, പുതിയ ടെക്‌നോളജികളുടെയും ഗവേഷണ കേന്ദ്രമായ ലെയിലെ ദിഹാര്‍ ലബോറട്ടിയുമായും ചേര്‍ന്നുളള പരീക്ഷണങ്ങള്‍ക്കാകും പതഞ്ജലി പ്രാമുഖ്യം കൊടുക്കുക.

രണ്ടായിരം കോടിയിലേറെ വാര്‍ഷിക വിറ്റുവരവുളള ഉപഭോക്തൃ ഉത്പന്ന കമ്പനിയാണ് രാംദേവ് തലവനായ പതഞ്ജലി ഗ്രൂപ്പ്. രാംദേവ് മുന്‍പ് സ്വവര്‍ഗാനുരാഗം ഭേദമാക്കാനുളള വൈദഗ്ധ്യം തനിക്കുണ്ടെന്ന് അവകാശപ്പെട്ടത് ഏറെ വിവാദമായിരുന്നു. കൂടാതെ പതഞ്ജലിയുടെ നേതൃത്വത്തില്‍ ആണ്‍കുഞ്ഞ് ജനിക്കാനായുളള ‘ദിവ്യ പുത്രജീവക് ബീജ്’ എന്ന ഔഷധവും തങ്ങള്‍ ഉത്പാദിപ്പിക്കുന്നുവെന്ന് രാംദേവ് അവകാശപ്പെട്ടിരുന്നതും ഏറെ വിവാദമായിരുന്നു.

സെബാക്കതോണ്‍ ഒരു ലോകൈക ഉത്പന്നമാണെന്നും, ഇതിനെ അടിസ്ഥാനമാക്കി വ്യാവസായികമായുളള നിരവധി കണ്ടുപിടുത്തങ്ങള്‍ക്ക് രാംദേവിന്റെ പതഞ്ജലി ആയുര്‍വേദ മുന്‍കൈ എടുക്കണമെന്നും കേന്ദ്രമന്ത്രി മനോഹര്‍ പരീഖര്‍ ചടങ്ങില്‍ ആവശ്യപ്പെട്ടു. കൂടാതെ ധാരാളം ഹെല്‍ത്ത് പ്രൊഡക്റ്റുകള്‍ പതഞ്ജലി വിപണിയില്‍ എത്തിക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.