ലോകത്തിലെ ഏറ്റവും പഴക്കമുള്ള സന്ദേശം ജര്‍മ്മനിയുടെ തീരത്തടിഞ്ഞു; 1904നും 1906നുമിടക്കാണ് സന്ദേശം കടലിലേക്ക് എറിഞ്ഞിരിക്കുന്നത്

single-img
24 August 2015

Bottle_MSGലോകത്തിലെ ഏറ്റവും പഴക്കമുള്ള സന്ദേശം ജര്‍മ്മനിയുടെ തീരത്തടിഞ്ഞു. കുപ്പിയില്‍ അടച്ച നിലയിലുള്ള സന്ദേശമാണ് 108 വര്‍ഷങ്ങള്‍ക്കു ശേഷം തീരത്തണഞ്ഞിരിക്കുന്നത്. 1904നും 1906നുമിടക്ക് ജര്‍മ്മനിയിലെ അമ്രും ബീച്ചില്‍ നിന്നും കടലിലേക്കെറിഞ്ഞ സന്ദേശമാണ് നൂറ്റാണ്ടുകള്‍ക്കിപ്പുറം കരയ്‌ക്കെത്തിയിരിക്കുന്നത്.

ഒരു പോസ്റ്റ് കാര്‍ഡാണ് തീരത്തടിഞ്ഞ കുപ്പിയില്‍ അടക്കം ചെയ്തിട്ടുള്ളത്. സന്ദേശം ലഭിക്കുന്നവര്‍ ഈ കാര്‍ഡ് യുകെയിലെ മറൈന്‍ ബയോളജിക്കല്‍ അസോസിയേഷനിലേക്ക് അയക്കണമെന്നാണ് പറഞ്ഞിട്ടുള്ളത്. അന്നത്തെ കാലത്ത് നടത്തിയ സമുദ്രഗവേഷണങ്ങളുടെ ഭാഗമായി ഇത്തരത്തിലുള്ള ആയിരം കുപ്പികള്‍ കടലിലെറിഞ്ഞിട്ടുണ്ടെന്നാണ് മറൈന്‍ ബയോളജിക്കല്‍ അസോസിയേഷന്‍റെ അഭിപ്രായം.

സമുദ്രജലപ്രവാഹങ്ങളെക്കുറിച്ച് ജോര്‍ജ്ജ് പാര്‍ക്കര്‍ ബൈഡര്‍ നടത്തിയ ഗവേഷണങ്ങളുടെ ഭാഗമായിരുന്നു സന്ദേശം. 1939-45 കാലയളവില്‍ മറൈന്‍ ബയോളജിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റായിരുന്നു അദ്ദേഹം. ഒരു ഷില്ലിംഗ് പ്രതിഫലവും ഈ കാര്‍ഡ് തിരിച്ചേല്‍പ്പിക്കുന്നവര്‍ക്ക് വാഗ്ദാനമുണ്ടായിരുന്നു.

ഇതുവരെയുണ്ടായിരുന്ന ഏറ്റവും പഴക്കമുള്ള സന്ദേശത്തിന്റെ റെക്കോഡ് 99 വര്‍ഷവും 43 ദിവസങ്ങളുടേതുമാണ്. ഷെറ്റ്‌ലാന്റ് ദ്വീപില്‍ 2013 ജൂലൈയിലാണ് ഈ സന്ദേശം കണ്ടെടുത്തത്.